യു.കെയിൽ ഇന്ത്യൻ കുടുംബത്തിന് അപൂർവ്വ നേട്ടം; അമ്മയും മകനും ഒരേസമയം മേയർമാർ
text_fieldsതുഷാർ കുമാറും അമ്മ പർവീൺ റാണിയും മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ചണ്ഡീഗഢ്: 2013-ൽ ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് യു.കെയിലേക്ക് കുടിയേറിയ ഒരു ഇന്ത്യൻ കുടുംബത്തെ തേടി വലിയൊരു സന്തോഷവാർത്തയാണ് എത്തിയിരിക്കുന്നത്. ഈ കുടുംബത്തിലെ 23 വയസ്സുകാരനായ തുഷാർ കുമാറും അമ്മ പർവീൺ റാണിയും യു.കെയിൽ ഒരേസമയം മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജനായ മേയർ എന്ന ചരിത്രനേട്ടമാണ് തുഷാർ ഇതിലൂടെ സ്വന്തമാക്കിയത്.
തുഷാർ എൽസ്ട്രി ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ മേയറായപ്പോൾ തൊട്ടടുത്ത ആഴ്ച അമ്മ പർവീൺ റാണി ഹെർട്ട്സ്മിയർ ബറോ കൗൺസിലിന്റെ ആദ്യ ഇന്ത്യൻ വംശജയായ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. മെയ് 13-ന് തുഷാറും മെയ് 20-ന് പർവീണും മേയർമാരായി ചുമതലയേറ്റതായി തുഷാറിന്റെ പിതാവും ബിസിനസുകാരനുമായ സുനിൽ ദഹിയ പറഞ്ഞു. 2013-ൽ യു.കെയിലേക്ക് പോകുമ്പോൾ പ്രത്യേക ലക്ഷ്യങ്ങളൊന്നും മനസ്സിൽ ഉണ്ടായിരുന്നില്ലെന്നും അന്ന് തുഷാറിന് വെറും 10 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും അദ്ദേഹം ഓർമ്മിക്കുന്നു. അമ്മക്കും മകനും ചെറുപ്പം മുതലേ സാമൂഹിക സേവനത്തിൽ വലിയ താല്പര്യമുണ്ടായിരുന്നു.
ലണ്ടനിലെ കിങ്സ് കോളേജിൽ ബി.എസ്.സി പഠിച്ചുകൊണ്ടിരിക്കെ വെറും 20-ാം വയസ്സിലാണ് തുഷാർ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. യു.കെയിൽ സ്ഥിരതാമസമാക്കിയെങ്കിലും ഈ കുടുംബം ഇപ്പോഴും തങ്ങളുടെ ജന്മനാടായ ഹരിയാനയുമായി അടുത്ത ബന്ധം പുലർത്തുകയും എല്ലാ വർഷവും നാട്ടിൽ വരികയും ചെയ്യാറുണ്ട്.
പൊതുസേവനത്തിലേക്ക് ഇറങ്ങാൻ പ്രായം ഒരു തടസ്സമല്ലെന്നാണ് തുഷാറിന് യുവാക്കളോട് പറയാനുള്ളത്. ലേബർ പാർട്ടി അംഗമായ തുഷാറും അമ്മയും യു.കെയിൽ ജനിച്ചുവളർന്ന കുട്ടികൾക്ക് സൗജന്യമായി ഹിന്ദി ഭാഷയും പഠിപ്പിച്ചു കൊടുക്കാറുണ്ട്. 2023-ൽ രണ്ടുപേരും ആദ്യമായി കൗൺസിലർമാരായി വിജയിച്ചിരുന്നു. ഇതിനു മുൻപ് പർവീൺ റാണി ഡെപ്യൂട്ടി മേയറായും സാംസ്കാരിക വകുപ്പുകളിലും സിനിമ-ടെലിവിഷൻ മേഖലയുടെ ഗ്ലോബൽ എൻവോയ് ആയും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

