റഫ അതിർത്തി അടുത്തയാഴ്ച തുറക്കും; പ്രതികരിക്കാതെ ഇസ്രായേൽ
text_fieldsജറൂസലം: ഗസ്സയുടെ ഈജിപ്ത് അതിർത്തിയായ റഫ അടുത്തയാഴ്ച ഇരുവശത്തേക്കും തുറക്കുമെന്ന് നിയുക്ത ഗസ്സ നേതാവ് അലി ശഅഥ്. ഇസ്രായേൽ അധിനിവേശ കാലത്ത് അടച്ചുപൂട്ടിയ അതിർത്തി ഏറെയായി ഇസ്രായേൽ അടച്ചിട്ടിരിക്കുകയാണ്. ദാവോസിൽ ലോക സാമ്പത്തിക ഫോറം വേദിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു വിഡിയോ ലിങ്ക് വഴി ശഅഥിന്റെ പ്രഖ്യാപനം.
‘‘റഫ അതിർത്തി ഇരുവശത്തേക്കും അടുത്തയാഴ്ച തുറക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഗസ്സയിലെ ഫലസ്തീനികൾക്ക് റഫ ഒരു ഗേറ്റ് മാത്രമല്ല. ജീവിതരേഖയും അവസരങ്ങളുടെ ചിഹ്നവുമാണ്’’- അദ്ദേഹം പറഞ്ഞു.
അതേ സമയം, 2024 മുതൽ ഭക്ഷ്യവസ്തുക്കൾ പോലും പ്രവേശിപ്പിക്കാതെ അതിർത്തിയിൽ സമ്പൂർണ നിയന്ത്രണം തുടരുന്ന ഇസ്രായേൽ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിലായെങ്കിലും ഗസ്സയുടെ പകുതിയിലേറെ ഭൂമിയും ഇസ്രായേൽ നിയന്ത്രണത്തിലാണ്. റഫ അതിർത്തിയുടെ പരിസരങ്ങളും ഇതിൽപെടും.
റഫ പുറത്തേക്കുമാത്രം തുറക്കുന്ന അതിർത്തിയായി നിലനിർത്തുമെന്ന ഇസ്രായേൽ നിലപാട് നിലനിൽക്കെയാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഗസ്സ ഭരണത്തിനായി 15 അംഗ ഉദ്യോഗസ്ഥ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഫലസ്തീൻ അതോറിറ്റി മുൻ ഉപമന്ത്രി അലി ശഅഥ് ആണ് മുഖ്യ ചുമതലയിൽ എത്തുക. സംഘത്തിന്റെ പ്രഖ്യാപനം ഹമാസ് സ്വാഗതം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

