Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഫ അതിർത്തി അടഞ്ഞു...

റഫ അതിർത്തി അടഞ്ഞു തന്നെ; ഗസ്സയിൽ അടിയന്തര വൈദ്യസഹായം കാത്ത് 15000ത്തോളം രോഗികൾ; ചികിൽസയില്ലാതെ കുട്ടികൾ മരണമുഖത്ത്

text_fields
bookmark_border
റഫ അതിർത്തി അടഞ്ഞു തന്നെ; ഗസ്സയിൽ അടിയന്തര വൈദ്യസഹായം കാത്ത് 15000ത്തോളം രോഗികൾ; ചികിൽസയില്ലാതെ കുട്ടികൾ മരണമുഖത്ത്
cancel

ഗസ്സ സിറ്റി: ഗസ്സയിലെ നാമമാത്രമായി അവശേഷിക്കുന്ന നസർ ആശുപത്രിയിലെ വ്യത്യസ്ത വാർഡുകളിലായി പത്ത് വയസ്സുള്ള രണ്ട് ആൺകുട്ടികൾ കിടക്കുന്നു. അതിലൊരാൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് കഴുത്തിന് താഴെ തളർന്നു. മറ്റൊരാൾക്ക് ബ്രെയിൻ ട്യൂമർ ബാധിച്ചു.

ദുർബലമായ ഒരു വെടിനിർത്തൽ കരാർ നിലവിൽ വന്നതിനുശേഷം കൂടുതൽ ചികിൽസ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുട്ടികളുടെ ഉറ്റവർ. 15,000 ത്തോളം രോഗികൾക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

എന്നാൽ ഗസ്സ വെടിനിർത്തൽ കരാറിലെ നിബന്ധനകൾ പ്രകാരം ഹമാസ്, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതുവരെ റഫ ക്രോസിങ് അടച്ചിട്ടിരിക്കുകയാണെന്ന് ഇസ്രായേൽ പറയുന്നു. രണ്ട് വർഷത്തെ യുദ്ധത്തിനുശേഷം സംവിധാനങ്ങൾ എല്ലാം നശിച്ച് ഗസ്സയിലെ ആശുപത്രികളും ഗുരുതരാവസ്ഥയിലാണ്.

ഓല അബു സെയ്ദ് തന്റെ മകൻ അമറിന്റെ മുടിയിൽ മൃദുവായി തലോടിക്കൊണ്ടിരുന്നു. തെക്കൻ ഗസ്സയിലെ അവരുടെ ടെന്റിലായിരിക്കവെയാണ് ഇസ്രായേലി ഡ്രോണിൽനിന്നുള്ള ഒരു വെടിയുണ്ടയേറ്റത്. അത് രണ്ട് കശേരുക്കൾക്കിടയിൽ കുടുങ്ങിയതിനാൽ അമറി​​ന്റെ ശരീരത്തെ തളർത്തി.

‘അവന് അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമാണ്. പക്ഷേ, അത് സങ്കീർണ്ണവുമാണ്. ചിലപ്പോൾ മരണത്തിനോ, പക്ഷാഘാതത്തിനോ, തലച്ചോറിലെ രക്തസ്രാവത്തിനോ കാരണമാകുമെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. നന്നായി സജ്ജീകരിച്ച സ്ഥലത്തു മാത്രമേ ശസ്ത്രക്രിയ നടത്താൻ പറ്റൂ’ -ഓല അബു സെയ്ദ് ദുഖഃത്തോടെ പറയുന്നു.

‘രണ്ട് വർഷം നീണ്ട യുദ്ധത്തിലും കുടിയിറക്കങ്ങളിലും ഇവൻ എനിക്ക് എപ്പോഴും ആശ്വാസമായിരുന്നു’-ഇളയ സഹോദരൻ അഹമ്മദ് അൽ ജാദിന്റെ കിടക്കക്കരികിലിരുന്ന് സഹോദരി ഷാദ് പറയുന്നു. ‘ഇവന് വെറും 10 വയസ്സ് മാത്രമേയുള്ളൂ. ഞങ്ങളുടെ സ്ഥിതി വളരെ മോശമായപ്പോൾ പണം കണ്ടെത്താൻ പുറത്തുപോയി വെള്ളം വിൽക്കാറുണ്ടായിരുന്നു. കുറച്ച് മാസം മുമ്പ് അവൻ അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു. അഹമ്മദിന്റെ വായ ഒരു വശത്തേക്ക് കോടാൻ തുടങ്ങി -ഷാദ് വിശദീകരിക്കുന്നു. ‘എന്റെ തല വേദനിക്കുന്നു’ എന്ന് ഒരിക്കൽ അവൻ എന്നോട് പറഞ്ഞു. ഞങ്ങള​പ്പോൾ പാരസെറ്റമോൾ നൽകി. പക്ഷേ പിന്നീട്, അവന്റെ വലതു കൈയുടെ ചലനം നിലച്ചു’- യൂനിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്ന ഷാദ് ആ ദുരവസ്ഥ വിവരിച്ചു. സഹോദരന്റെ ട്യൂമർ നീക്കം ചെയ്യുന്നതിനായി വിദേശത്തേക്ക് പോകണമെന്ന് അവൾ ആഗ്രഹിക്കുന്നു.

‘ഞങ്ങൾക്ക് അവനെ നഷ്ടപ്പെടുത്താൻ കഴിയില്ല. ഇതിനകം തന്നെ ഞങ്ങളുടെ പിതാവിനെയും വീടിനെയും സ്വപ്നങ്ങളെയും നഷ്ടപ്പെട്ടു’- ഷാദ് പറയുന്നു. യുദ്ധം അവസാനിച്ചപ്പോൾ, അഹമ്മദിന് യാത്ര ചെയ്യാനും ചികിത്സ നേടാനും ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചുവെന്നും അവൾ പറഞ്ഞു.

ഒക്ടോബർ 10ന് ആരംഭിച്ച ദുർബലമായ വെടിനിർത്തലിനുശേഷം ഗസ്സയിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യത്തെ മെഡിക്കൽ സംഘത്തെ ബുധനാഴ്ച ലോകാരോഗ്യ സംഘടന ഏകോപിപ്പിക്കുകയുണ്ടായി. ഇസ്രായേലിന്റെ കെറം ഷാലോം ക്രോസിങ് വഴി ആംബുലൻസുകളിലും ബസുകളിലുമായി 41 രോഗികളെയും 145 പരിചാരകരെയും വിദേശ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ചിലരെ ജോർദാനി​ലേക്ക് മാറ്റി.

രോഗികളും പരിക്കേറ്റവരുമായ ആയിരക്കണക്കിന് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മെഡിക്കൽ ഒഴിപ്പിക്കലുകളുടെ എണ്ണം വേഗത്തിൽ വർധിപ്പിക്കണമെന്ന് യു.എൻ ഏജൻസി ആവശ്യപ്പെടുന്നു. മുമ്പ് ചെയ്തതുപോലെ ഗസ്സയുടെ റാഫ അതിർത്തിയിലൂടെ ഈജിപ്തിലേക്കുള്ള രോഗികളെ പുറത്തുകൊണ്ടുവരാൻ കഴിയണമെന്ന് അവർ പറയുന്നു. യുദ്ധസമയത്ത് നിയന്ത്രണം ഏറ്റെടുത്ത 2024 മെയ് മുതൽ ഇസ്രായേൽ-ഈജിപ്ഷ്യൻ അതിർത്തിയുടെ ഈ ഗസ്സ ഭാഗം അടച്ചിട്ടിരിക്കുകയാണ്.

യുദ്ധത്തിന് മുമ്പുള്ളതുപോലെ കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള അധിനിവേശ വെസ്റ്റ് ബാങ്കിൽ ഗസ്സയിലെ രോഗികളെ ചികിത്സിക്കാൻ ഇസ്രായേലിന് അനുവദിക്കാൻ കഴിയുമെങ്കിൽ അത് ‘ഏറ്റവും ഫലപ്രദമായ നടപടി’ ആയിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ceasefireRafah bordermedical assistanceGaza childrenIsrael AttackGaza Genocide
News Summary - Rafah border remains closed; 15000 patients in Gaza awaiting emergency medical assistance
Next Story