Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതടവറയിൽ ബോധരഹിതനായി...

തടവറയിൽ ബോധരഹിതനായി വീണ് റാശിദ് ഗന്നൂശി; തുനീഷ്യയിൽ പ്രതിപക്ഷ നേതാക്കളുടെ ജീവൻ അപകടത്തിലെന്ന് റിപ്പോർട്ട്

text_fields
bookmark_border
തടവറയിൽ ബോധരഹിതനായി വീണ് റാശിദ് ഗന്നൂശി; തുനീഷ്യയിൽ പ്രതിപക്ഷ നേതാക്കളുടെ ജീവൻ അപകടത്തിലെന്ന് റിപ്പോർട്ട്
cancel
camera_alt

റാശിദ് ഗന്നൂശി

തൂനിസ്: തുനീഷ്യയിലെ മൊർനാഗിയ ജയിലിൽ തടവിൽ കഴിയുന്ന ഇസ്‍ലാമിക ലോകത്തെ അറിയപ്പെടുന്ന ചിന്തകനും രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാവും മുൻ പാർലമെന്റ് സ്പീക്കറുമായ റാശിദ് ഗനൂശി ബോധരഹിതനായി വീണതായി റിപ്പോർട്ട്. മറ്റൊരു രാഷ്ട്രീയ തടവുകാരനായ അഹമ്മദ് നജീബ് ചെബിയുടെ മകൾ ഹൈഫയാണ് ജയിലിൽ സന്ദർശനത്തിനെത്തിയപ്പോൾ ഈ സംഭവം നേരിൽ കണ്ടതായി വെളിപ്പെടുത്തിയത്.

ഫേസ്ബുക്കിൽ പങ്കുവെച്ച തത്സമയ വീഡിയോയിലൂടെയാണ് ഹൈഫ ജയിലിനകത്തെ ദയനീയ സാഹചര്യം വിവരിച്ചത്. സന്ദർശനത്തിനിടെ ജയിലിനുള്ളിലെ താപനില 52 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നുവെന്നും, അതിനിടെ 85കാരനായ റാശിദ് ഗനൂശി ബോധരഹിതനായി വീഴുന്നത് താൻ നേരിൽ കണ്ടെന്നും അവർ പറഞ്ഞു. ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ തനിക്ക് പോലും ശ്വസിക്കാനോ സ്വയം നടക്കാനോ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തടവുകാർ ഭൂരിഭാഗം സമയവും 16 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള ചെറിയ സെല്ലുകളിലാണ് കഴിയുന്നത്. പ്രതിദിനം വെറും രണ്ട് മണിക്കൂർ മാത്രമാണ് സെല്ലിന് പുറത്തേക്ക് ഇറങ്ങാൻ അനുവദിക്കുന്നത്. നിലവിലെ കടുത്ത ചൂടിൽ ജയിലിലെ സാഹചര്യം പ്രായമായ തടവുകാരുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്നും അവർ പറഞ്ഞു.

2022ൽ ഹൈഫയുടെ പിതാവായ അഹമ്മദ് നജീബ്, പ്രസിഡൻറ് കൈസ് സഈദിന്റെ ഭരണത്തിനെതിരെ വിവിധ വിഭാഗങ്ങളെ ഉൾപ്പെടുത്തി നാഷണൽ സാൽവേഷൻ ഫ്രണ്ട് രൂപവത്കരിക്കാൻ നേതൃത്വം നൽകിയിരുന്നു. തുടർന്ന് 2025ൽ ‘രാജ്യസുരക്ഷക്കെതിരായ ഗൂഢാലോചന’ നടത്തിയെന്ന് ആരോപിച്ച് ചുമത്തിയ കേസിൽ പ്രതിപക്ഷ നേതാക്കളും അഭിഭാഷകരും ഉൾപ്പെടെ 37 പേരെ കുറ്റക്കാരായി കണ്ടെത്തി. അഹമ്മദ് നജീബിന് 12 വർഷം തടവുശിക്ഷ വിധിച്ചിരുന്നത്.

ഈ കേസിൽ ശിക്ഷിക്കപ്പെട്ട 37 പേരുടെ തടവുശിക്ഷയെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ശക്തമായി വിമർശിച്ചിരുന്നു. വിചാരണ നടപടികളിൽ നീതിപൂർവമായ വിചാരണക്കും നിയമപരമായ നടപടിക്രമങ്ങൾക്കും വിരുദ്ധമായ നിരവധി വീഴ്ചകളുണ്ടായിരുന്നുവെന്നും, കേസിന് രാഷ്ട്രീയ പ്രേരണകളുണ്ടെന്ന ഗുരുതര ആശങ്ക ഉയരുന്നതായും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞിരുന്നു.

തുനീഷ്യൻ ഇസ്‍ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ നേതാവും മുൻ പാർലമെന്റ് സ്പീക്കറുമായ റാശിദ് ഗനൂശി 2023 മുതൽ തടവിലാണ്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ വർഷം ഏപ്രിൽ 30ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും മൊർനാഗിയ ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലിലെ ഉദ്യോഗസ്ഥർ പരിമിതമായ സൗകര്യങ്ങൾക്കിടയിലും പ്രായമായ തടവുകാർക്ക് കഴിയുന്നത്ര പരിചരണം നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് ഹൈഫ പറയുന്നുണ്ട്.

രാജ്യത്ത് യഥാർഥ രാഷ്ട്രീയ മാറ്റം സാധ്യമാക്കാൻ തുനീഷ്യൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും സംഭവിക്കുന്നതിനെല്ലാം നമുക്കും ഉത്തരവാദിത്തമുണ്ടെന്നും അവർ പറയുന്നു. കേരളത്തിൽ സന്ദർശനം നടത്തുകയും വിവിധ വേദികളിൽ പ​ങ്കെടുക്കുകയും വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാഷണം നടത്തുകയും ചെയ്തിട്ടുണ്ട് റാശിദ് ഗന്നൂശി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tunisiaennahda movementPolitical PrisonerRached Ghannouchi
News Summary - Rached Ghannouchi faints in Tunisian prison due to heat
Next Story