ബംഗ്ലാദേശിൽ രബീന്ദ്രനാഥ് ടാഗോറിന്റെ കുടുംബ വീട് തകർത്തു; അന്വേഷണം പ്രഖ്യാപിച്ച് യൂനുസ് സർക്കാർ
text_fieldsധാക്ക: നൊബേൽ ജേതാവ് രബീന്ദ്രനാഥ് ടാഗോറിന്റെ ബംഗ്ലാദേശിലെ കുടുംബ വീട് ആൾക്കൂട്ടം അടിച്ചു തകർത്തു. ആക്രമണത്തിൽ പൈതൃക വീടിന്റെ ഓഡിറ്റോറിയമടക്കമുള്ള ഭാഗങ്ങളും ജനാലകളും വാതിലുകളും തകർന്നു. ഫർണിച്ചറുകൾക്കും കേടുപാടുകളുണ്ട്. ബംഗ്ലാദേശിലെ സിരാജ്ഗഞ്ച് ജില്ലയിലാണ് രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന ടാഗോറിന്റെ പൂർവിക ഭവനം.
ഞായറാഴ്ച പാർക്കിങ് ഫീസിനെ ചൊല്ലി ഒരു സന്ദർശകനും ജീവനക്കാരും തമ്മിൽ തർക്കം ഉടലെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് ആൾക്കൂട്ട ആക്രമണത്തിലേക്ക് നയിച്ചത്.
ആക്രമണത്തിന് പിന്നാലെ അധികൃതർ സൈറ്റ് അടച്ചുപൂട്ടുകയും സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പാനൽ രൂപീകരിക്കുകയും ചെയ്തു.
ആൾക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച 60 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. രബീന്ദ്രനാഥ് ടാഗോറിന്റെ പിതാവാണ് ഈ വീട് വാങ്ങിയത്. പല തവണ ടാഗോർ ഇവിടം സന്ദർശിച്ചിട്ടുമുണ്ട്. അവിടെ താമസിക്കുന്ന വേളയിൽ ടാഗോർ നാടകങ്ങളുടെ ഭാഗങ്ങളും എഴുതി.
സന്ദർശകനോട് വണ്ടി പാർക്ക് ചെയ്യാനുള്ള പണം വാങ്ങിയിട്ട് രസീത് നൽകാത്തതാണ് പ്രശ്നത്തിലേക്ക് നയിച്ചത്. പ്രധാന ഗേറ്റിലെ ജീവനക്കാരൻ രസീത് ആവശ്യപ്പെട്ടപ്പോൾ സന്ദർശകന് അത് നൽകാനായില്ല. അതെ തുടർന്ന് സംഘർഷം രൂപപ്പെടുകയായിരുന്നു. എന്നാൽ അധലകൃതർ സന്ദർശകനെ ഓഫിസ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ചൊവ്വാഴ്ച മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. ആക്രമണത്തിൽ പ്രതിഷേധവുമായെത്തിയ ആൾക്കൂട്ടം രബിന്ദ്ര കച്ചാരിബാരിയിലേക്ക് ഇരച്ചുകയറി ഓഡിറ്റോറിയം കൊള്ളയടിക്കുകയും ജനൽ പാളികളും വാതിലുകളും ഫർണിച്ചറുകളും നശിപ്പിക്കുകയുമായിരുന്നുവെന്ന് യുനൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടറെയും ആൾക്കൂട്ടം വെറുതെ വിട്ടില്ല.
ആൾക്കൂട്ട ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശിലെ പുരാവസ്തു വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചതായി വാർത്താ ഏജൻസിയായ ബംഗ്ലാദേശ് സാങ്ബാദ് സാങ്സ്ത റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

