ഗാഡി ഐസൻകോട്ട് സർക്കാരിന് നിരുപാധിക പിന്തുണയുമായി റാം പാർട്ടി
text_fieldsതെൽ അവീവ്: ഔദ്യോഗിക സഖ്യധാരണകൾ ഇല്ലാതെ തന്നെ ഗാഡി ഐസൻകോട്ട് അവതരിപ്പിക്കുന്ന പുതിയ സർക്കാരിന് പിന്തുണ പ്രഖ്യാപിക്കാൻ റആം പാർട്ടി ഒരുങ്ങുന്നതായി റിപ്പോർട്ട്. എട്ട് അംഗങ്ങളുള്ള അറബ് നേതൃത്വത്തിലുള്ള പാർട്ടിയിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ‘ഹാരെറ്റ്സ്’ ദിനപത്രമാണ് ഈ നിർണായക വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഐസൻകോട്ടിന്റെ 48 അംഗ ബ്ലോക്ക് അതിതീവ്ര യാഥാസ്ഥിതിക കക്ഷിയായ യുണൈറ്റഡ് തോറ ജൂതൈസം പാർട്ടിയുടെ പിന്തുണയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ എത്രയും പെട്ടെന്ന് അധികാരത്തിൽനിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് സുസ്ഥിരമായ സഖ്യസർക്കാർ രൂപവതകരണം വൈകിയാലും ഐസൻകോട്ടിനെ പിന്തുണക്കാൻ റാം പാർട്ടി തയാറെടുക്കുന്നത്.
മറ്റൊരു അറബ് കക്ഷിയായ ജോയിന്റ് ലിസ്റ്റ് ഇത്തരമൊരു സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യില്ലെങ്കിലും, സർക്കാരിനെ താഴെയിടാനുള്ള നീക്കങ്ങളിലും പങ്കാളിയാകില്ലെന്ന് ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്യുന്നു.
കൂടാതെ, സ്പീക്കറെ എത്രയും വേഗം മാറ്റുന്നതിനും പുതിയ സമിതികൾ രൂപവത്കരിക്കുന്നതിനും ഐസൻകോട്ടിന്റെ ബ്ലോക്കുമായി യോജിച്ച് പ്രവർത്തിക്കാൻ ഇരു പാർട്ടികളും ഉദ്ദേശിക്കുന്നുണ്ട്. അറബ് സമൂഹത്തിന്റെ ഉന്നക്ഷത്തിനായി നയപരമായ മാറ്റങ്ങൾ വരുത്താൻ രണ്ട് പാർട്ടികളും ആഗ്രഹിക്കുന്നുണ്ടെങ്കിലും, ജോയിന്റ് ലിസ്റ്റുമായി ഔദ്യോഗിക സഖ്യചർച്ചകൾ ഒന്നും തന്നെ നടന്നിട്ടില്ല.
അതേസമയം, റആം പാർട്ടി തങ്ങളുടെ ചർച്ചകളുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം, അറബ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപവത്കരിക്കുന്നതിനെതിരെ ഐസൻകോട്ടിന്റെ പ്രധാന അനുയായികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

