ഓർമകളിൽ എലിസബത്ത് രാജ്ഞിയുടെ മൂന്ന് ഇന്ത്യ സന്ദർശനങ്ങൾ
text_fieldsന്യൂഡൽഹി: ഒരു കാലത്ത് തങ്ങളുടെ കോളനിയായിരുന്ന ഇന്ത്യയോട് വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച എലിസബത്ത് രാജ്ഞി രാജ്യം സന്ദർശിച്ചത് മൂന്നു തവണ. 1961 ജനുവരിയിലെ ആദ്യ സന്ദർശനത്തിൽ അവർക്ക് ലഭിച്ചത് പ്രൗഢ സ്വീകരണമായിരുന്നു.
ഭർത്താവ് ഫിലിപ് രാജകുമാരനൊപ്പമെത്തിയ അവർ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനൊപ്പം രാംലീല മൈതാനിയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായാണ് രാജ ദമ്പതികൾ എത്തിയത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രാജ്ഞി 96ാമത്തെ വയസ്സിൽ അന്തരിച്ചപ്പോൾ ഊഷ്മള സൗഹൃദത്തിന്റെ ഓർമകളാണ് ബാക്കിയാക്കിയത്.
രാംലീല മൈതാനിയിൽ ആയിരക്കണക്കിന് ജനങ്ങൾ അന്ന് ഇരു രാജ്യങ്ങളുടെയും പതാകയുമായി രാജ്ഞിയെ വരവേൽക്കാൻ ഒത്തുകൂടി. ഈ സന്ദർശനത്തിൽ ഡൽഹിയിൽ എയിംസിന്റെ കെട്ടിട സമുച്ചയങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും രാജ്ഞി നിർവഹിച്ചു.
1911ൽ മുത്തച്ഛനായ ജോർജ് അഞ്ചാമൻ രാജാവിന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന് ശേഷം 50 വർഷം കഴിഞ്ഞായിരുന്നു എലിസബത്ത് ഇന്ത്യ സന്ദർശിച്ചത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വർഷത്തിനു ശേഷം. 1953 ബ്രിട്ടന്റെ രാജ്ഞിയായി അധികാരമേറ്റ് ഏഴ് വർഷത്തിനു ശേഷമായിരുന്നു അത്. മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലും അന്ന് സന്ദർശനം നടത്തി. ആഗ്രയിൽ താജ് മഹൽ സന്ദർശിച്ച രാജ്ഞി, രാജ്ഘട്ടിലെത്തി കൊളോണിയൽ ആധിപത്യത്തിനെതിരേ തങ്ങൾക്കെതിരേ പോരാട്ടം നടത്തിയ മഹാത്മ ഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. കുതുബ്മിനാറിന്റെ മാതൃകയാണ് രാജ്ഞിക്ക് അന്ന് സമ്മാനമായി നൽകിയത്. തന്റെ സന്ദർശനത്തിന്റെ ഓർമക്കായി ഡൽഹി എയിംസിന്റെ മുറ്റത്ത് മരവും നട്ടുപിടിപ്പിച്ചിരുന്നു.
ഈ മരം പിന്നീട് മുറിച്ചു മാറ്റപ്പെട്ടെങ്കിലും ഇതിനു പകരമായി മറ്റൊരു മരം കാമ്പസിൽ വെച്ചുപിടിച്ചിട്ടുണ്ട്. രാജ്ഞിയുടെ സന്ദർശനത്തിന്റെ ഓർമകൾ പുതുക്കി രാജകുടുംബം സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജിൽ ഇതിന്റെ ചിത്രങ്ങൾ പല തവണ പങ്കുവെച്ചിരുന്നു. 1983ലായിരുന്നു ബ്രിട്ടീഷ് രാജ്ഞിയുടെ രണ്ടാം ഇന്ത്യ സന്ദർശനം. അന്ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി രാജ്ഞി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ട് പൂർത്തിയായ 1997ലാണ് എലിസബത്ത് രാജ്ഞി അവസാനമായി ഇന്ത്യ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

