എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങിന് ആരൊക്കെ ഉണ്ടാകും, ക്ഷണിക്കപ്പെടാത്തവർ ആരൊക്കെ?
text_fieldsലണ്ടൻ: തിങ്കളാഴ്ച വെസ്റ്റ്മിനിസ്റ്റർ ആബെയിൽ നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ നൂറുകണക്കിന് വിദേശ പ്രതിനിധികൾ പങ്കെടുക്കും. ആബെയിൽ 2000 ആളുകൾക്ക് ഒരേ സമയം ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. വർഷങ്ങൾക്കു ശേഷം ബ്രിട്ടനിൽ നടക്കുന്ന നയതന്ത്ര പ്രതിനിധികളുടെ സംഗമം കൂടിയാകും എലിസബത്ത് രാജ്ഞിയുടെ സംസ്കാരവേദി. ആർക്കൊക്കെയാണ് ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടെൻറ ക്ഷണം ലഭിച്ചത് എന്നു നോക്കാം. അതോടൊപ്പം ആരെയൊക്കെ ഒഴിവാക്കി എന്നതും അറിയാം.
രാജപ്രതിനിധികൾ
ജപ്പാനിലെ നരുഹിതോ ചക്രവർത്തിയും റാണി മസാകോയും ചടങ്ങിന് ഉറപ്പായും എത്തും. 2019ൽ അധികാരത്തിലേറിയ ശേഷമുള്ള ഇരുവരുടെയും ആദ്യ വിദേശട്രിപ്പാണിത്. ജപ്പാനിലെ രാജകുടുംബം അപൂർവമായാണ് മറ്റൊരു രാജ്യത്തെ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കാറുള്ളത്.
ഡെൻമാർക്ക് രാജ്ഞി മാർഗരറ്റും ചടങ്ങിനെത്തും.
ഡച്ച് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും രാജകുമാരി ബിയാട്രിസും സംസ്കാരത്തിൽ ഭാഗവാക്കാകും. ബെൽജിയത്തിലെ ഫിലിപ്പ് രാജാവ്, നോർവേ രാജാവ് ഹെറാൾഡ് അഞ്ചാമൻ, മൊണോകോയിലെ ആൽബർട്ട് രണ്ടാമൻ രാജകുമാരൻ എന്നിവരും ക്ഷണം സ്വീകരിച്ച് എത്തും. സ്പെയിൻ രാജാവ് ഫെലിപ്പ് അഞ്ചാമനും അദ്ദേഹത്തിെൻറ പിതാവ് ജുവാൻ കാർലോസ് ഒന്നാമനും ഉണ്ടാകും.
ലോകനേതാക്കൾ
യു.എസ് പ്രസിഡൻറ് ജോ ബൈഡനും പത്നി ജിൽ ബൈഡനും എത്തും. ഇരുവരും നയതന്ത്ര അതിഥികളുടെ കൂട്ടത്തിലാണ്. മറ്റു രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ബ്രിട്ടൻ മുൻകൈയെടുത്താണ് ഗതാഗത സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ ബീസ്റ്റ് എന്നറിയപ്പെടുന്ന തെൻറ ഔദ്യോഗിക വാഹനമായ ലിമോസിൻ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ബൈഡൻ അഭ്യർഥിച്ചിരുന്നു.
ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും സംസ്കാരത്തിൽ പങ്കെടുക്കും. മാക്രോണിനും സ്വന്തം വാഹനം ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ, ബ്രസീൽ പ്രസിഡൻറ് ജെയ്ർ ബൊൽസൊനാരോ എന്നിവരും ഉണ്ടാകും.
ബ്രെക്സിറ്റടിച്ചിട്ടും ബ്രിട്ടനോട് പരിഭവം സൂക്ഷിക്കാതെ യൂറോപ്യൻയൂനിയൻ, യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ദെർ ലിയൻ, യൂറോപ്യൻ കൗൺസിൽ മേധാവി ചാൾസ് മൈക്കിൾ എന്നിവരും രാജ്ഞിയെ അവസാനമായി കാണാനുണ്ടാകും. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, ഇറ്റാലിയൻ പ്രസിഡൻറ് സെർജിയോ മാറ്റാരെല്ല, ജർമൻ പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റീൻമിയർ, ഇസ്രായേൽ പ്രസിഡൻറ് ഇസാക് ഹെർസോഗ്, കൊറിയൻ പ്രസിഡൻറ് യൂൻ സൂക് യോൽ എന്നിവരും പങ്കെടുക്കും. അയർലൻഡ് പ്രധാനമന്ത്രി മിഷേൽ മാർട്ടിനും എത്തും.
56 കോമൺവെൽത്ത് രാജ്യങ്ങളിലെ പ്രതിനിധികളും ഉണ്ടാകും. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനീസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ എന്നിവരും സംസ്കാര ചടങ്ങിനുണ്ടാകും.
ബ്രിട്ടൻ കോളനികളാക്കി വെച്ച രാജ്യങ്ങളിൽനിന്ന് ദക്ഷിണാഫ്രിക്ക പ്രസിഡൻറ് സിറിൽ റാമഫോസ, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ, ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമറാമ എന്നിവരും ഉണ്ടാകും.
യുക്രെയ്ൻ അധിനിവേശം നടത്തിയ റഷ്യക്ക് ചടങ്ങിലേക്ക് ക്ഷണമില്ല. റഷ്യക്ക് എല്ലാ പിന്തുണയും നൽകുന്ന ബെലറൂസിനെയും ക്ഷണിച്ചിട്ടില്ല. അതുപോലെ അട്ടിമറി നടത്തിയ മ്യാന്മർ സൈനിക ഭരണകൂടത്തെയും വിളിച്ചിട്ടില്ല. ദീർഘകാലമായി ഭ്രഷ്ട് കൽപിച്ച് മാറ്റിനിർത്തിയ ഉത്തരകൊറിയയെയും ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

