
എലിസബത്ത് രാജ്ഞിയും ഭർത്താവും കോവിഡ് വാക്സിൻ സ്വീകരിച്ചു
text_fieldsലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഭർത്താവും കോവിഡ് വാക്സിൻ സ്വീകരിച്ചു. 94 കാരിയായ രാജ്ഞിയും 99 കാരനായ ഫിലിപ്പുമാണ് വാക്സിൻറെ ആദ്യഡോസ് സ്വീകരിച്ചത്. അതേസമയം ബ്രിട്ടനിൽ 1.5 മില്ല്യൺ ജനങ്ങളും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി ബക്കിങ്ഹാം കൊട്ടാര അധികൃതർ അറിയിച്ചു.
ലോക്ഡൗണിൽ രാജ്ഞിയും ഭർത്താവും താമസിച്ചിരുന്ന വിൻഡ്സർ കാസിലിൽവെച്ചാണ് ഇരുവർക്കും കുത്തിവെപ്പ് എടുത്തത്. വാക്സിനേഷൻ സ്വീകരിച്ച വിവരം അറിയിക്കാൻ രാജ്ഞി തീരുമാനിക്കുകയായിരുന്നുവെന്ന് പാലസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
ലോകത്തിൽ കൊറോണ വൈറസിനെതിരെ വലിയ വാക്സിനേഷൻ പരിപാടി തുടങ്ങിയ ആദ്യ രാജ്യമായി ഡിസംബർ എട്ടിന് ബ്രിട്ടൻ മാറിയിരുന്നു. ഫെബ്രുവരി പകുതിയോടെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട 15 മില്ല്യൺ പേർക്ക് വാക്സിൻ എത്തിക്കാനാണ് ബ്രിട്ടന്റെ നീക്കം. ഇതിൽ 70 വയസിന് മുകളിലുള്ളവരും ആരോഗ്യ പ്രവർത്തകരും ആതുരാലയ ജീവനക്കാരും ഉൾപ്പെടും.
