13ാം വയസിൽ തുടങ്ങിയ പ്രണയം, വിവാഹം കഴിക്കുന്നെങ്കിൽ അത് ഫിലിപ്പിനെ മാത്രം; എലിസബത്തിെൻറ വാശിക്ക് മുന്നിൽ തോറ്റ് രാജകുടുംബം
text_fieldsഓർക്കുന്നില്ലേ ബ്രിട്ടനിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിന്ന കാലത്ത് ഭർത്താവ് ഫിലിപ്പ് രാജകുമാരന് വേണ്ടി പള്ളിയിൽ ഒറ്റക്കു നിന്ന് പ്രാർഥിച്ച എലിസബത്ത് രാജ്ഞിയെ. ആൾക്കൂട്ടത്തിനിടെ ഒറ്റക്കായി പോയ ഒരു സ്ത്രീയുടെ വിലാപമാണ് അന്ന് ലോകം കണ്ടത്. അത്രയും ഹൃദയബന്ധമായിരുന്നു അവർ തമ്മിൽ. എലിസബത്ത് രാജ്ഞിയുടെ 13 ാം വയസിൽ തുടങ്ങിയ ബന്ധമാണത്. മരണം വേർപിരിക്കുന്നതു വരെ എലിസബത്തിെൻറ വലിയ കരുത്തായിരുന്നു ഫിലിപ്പ് രാജകുമാരൻ. ഒടുവിൽ ഫിലിപ്പിനരികെ തന്നെ ഉറങ്ങാൻ എലിസബത്തുമെത്തി. ആ പ്രണയ കഥ ഇങ്ങനെ ചുരുക്കിപറയാം.
1934ലായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. അന്ന് ഫിലിപ്പിന് 13 വയസായിരുന്നു. എലിസബത്തിന് എട്ടും. 1939ൽ ഇരുവരും വീണ്ടും കണ്ടുമുട്ടി. അന്നുതൊട്ട് പ്രണയവും തുടങ്ങി. ഡാര്‍ട്ട്മൗത്ത് നാവിക കോളജില്‍ തന്റെയൊപ്പം എത്തിയ പെണ്മക്കളെ അവിടം ചുറ്റി നടന്നു കാണിക്കാന്‍ ജോര്‍ജ് ആറാമന്‍ രാജാവ് ഏല്പിച്ചത് അവിടെ കേഡറ്റായിരുന്ന ഫിലിപ്പിനെ ആയിരുന്നു. അവിടെ വെച്ചാണ് ഉയരം കൂടിയ നന്നായി സംസാരിക്കുന്ന ഫിലിപ്പ് എലിസബത്തിെൻറ മനംകവർന്നത്. അന്ന് എലിസബത്തിന് 13 വയസായിരുന്നു. ഫിലിപ്പിന് 18ഉം. അന്നുമുതൽ ഫിലിപ്പും എലിസബത്തും കത്തുകളെഴുതി. ഒടുവിൽ പ്രണയം എലിസബത്തിെൻറ വീട്ടുകാരുമറിഞ്ഞു.
ഫിലിപ്പിെൻറ കുടുംബ പശ്ചാത്തലമായിരുന്നു രാജകുടുംബത്തിന് വലിയ പ്രശ്നമായി തോന്നിയത്. അന്ന് ഫിലിപ്പിന് സ്വന്തമായി വീട് പോലുമുണ്ടായിരുന്നില്ല. ഫിലിപ്പിെൻറ സഹോദരിമാർ ജർമനിയിൽ നിന്നാണ് വിവാഹം കഴിച്ചത്. ഇത് രാഷ്ട്രീയമായി ബ്രിട്ടീഷ് രാജകുടുംബത്തിന് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു. എന്നാൽ ഇതിനൊന്നും എലിസബത്തിനെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ഫിലിപ്പ് രാജകുമാരനെ മാത്രമെന്ന് രാജകുമാരി ശാഠ്യം പിടിച്ചു.
അതിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു രാജകുടുംബത്തിന്. തെൻറ ഗ്രീക്ക് ഡാനിഷ് പദവികൾ ഫിലിപ്പ് എലിസബത്തിനു വേണ്ടി ഉപേക്ഷിച്ചു. അതിനു പിന്നാലെ ഫിലിപ്പിന് രാജകുടുംബം ഡ്യൂട്ട് ഓഫ് എഡിൻബ്രോ എന്ന പദവി നൽകി. അങ്ങനെ 1946ൽ എലിസബത്തും ഫിലിപ്പും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു. 1947ലാണ് ഇക്കാര്യം രാജകുടുംബം പരസ്യമാക്കിയത്. അതേ വർഷം നവംബറിൽ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചായിരുന്നു വിവാഹം. അന്നു മുതൽ 99 വയസു വരെ ഫിലിപ്പ് രാജകുമാരൻ രാജ്ഞിയുടെ നിഴലായി കഴിഞ്ഞു.
വിവാഹത്തിനു ശേഷവും കുറെ പ്രതിബന്ധങ്ങളുണ്ടായി. മക്കൾക്ക് ഫിലിപ്പിെൻറ പേര് ഉപയോഗിക്കാൻ കഴിഞ്ഞില്ല. കുടുംബത്തിൽ എലിസബത്തിനായിരുന്നു മേൽക്കൈ. ഫിലിപ്പ് നിഴലായി ഒതുങ്ങുപ്പോയി. നാവികസേനയിലായിരുന്നു വിവാഹത്തിന് മുമ്പ് ഫിലിപ്പ്. അതെല്ലാം എലിസബത്തിന് വേണ്ട് ഫിലിപ്പ് ഉപേക്ഷിച്ചു.

