
സുരക്ഷയും ഭീകരതയും ചർച്ചയാക്കി ക്വാഡ് രാഷ്ട്രത്തലവന്മാർ; പാക് വിഷയം ഉന്നയിച്ച് ഇന്ത്യ
text_fieldsവാഷിങ്ടൺ: ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ ചർച്ചയിലും അഫ്ഗാനിസ്താനിലെ പാകിസ്താന്റെ ഇടപെടലും തീവ്രവാദത്തിന് അവർ പ്രോത്സാഹനം നൽകുന്നതും ഇന്ത്യ ചൂണ്ടിക്കാണിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശൃംഗ്ല പറഞ്ഞു. രാജ്യസുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ക്വാഡ് രാഷ്ട്ര തലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയത്.
അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി മോദിയുടെ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ക്വാഡ് രാജ്യത്തലവന്മാർ ആദ്യയോഗം ചേർന്നത്. ഇന്ത്യക്കും അമേരിക്കക്കും പുറമെ ആസ്ട്രേലിയയും ജപ്പാനും ചേർന്നതാണ് ക്വാഡ്. വൈറ്റ് ഹൗസാണ് ആദ്യയോഗത്തിന് വേദിയായത്.
ജോ ബൈഡെൻറ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആഗോളനന്മക്കായുള്ള സേനയായി പ്രവർത്തിക്കാൻ ഈ ചതുർരാഷ്ട്ര സഖ്യത്തിനാകണമെന്ന് ബൈഡൻ പറഞ്ഞു. നാല് ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മാണിത്. കോവിഡ് മുതൽ കാലാവസ്ഥ വ്യതിയാനംവരെയുള്ള കാര്യങ്ങൾക്ക് സഹകരിച്ച് പോരാടാനാകണം. ഇന്തോ- പസഫിക് മേഖല സ്വതന്ത്രവും സുരക്ഷിതവുമാക്കുമെന്ന് ബൈഡൻ ആവർത്തിച്ചു.
ലോകത്ത്, വിശിഷ്യാ ഇന്തോ- പസഫിക് മേഖലയിൽ സമാധാനവും ഐശ്വര്യവും കൊണ്ടുവരാൻ ക്വാഡ് രാഷ്ട്രങ്ങളുടെ സഹകരണംകൊണ്ട് സാധിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. ലോക നന്മക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള അവസരമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. 2004ലെ സൂനാമിക്കുശേഷം ഇതാദ്യമായാണ് ഒത്തുചേർന്ന് പ്രവർത്തിക്കാനുള്ള അവസരം വരുന്നത്. ഇന്തോ - പസഫിക് രാഷ്ട്രങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കാൻ ഈ കൂട്ടായ്മ ഏറെ സഹായകരമാകുമെന്നും തെൻറ ഹ്രസ്വമായ പ്രസംഗത്തിൽ മോദി ചൂണ്ടിക്കാട്ടി.
ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരും യോഗത്തിൽ കൂട്ടായ്മയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തും അടിസ്ഥാന സൗകര്യവികസനത്തിലും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി.
യോഗശേഷം രാഷ്ട്രനേതാക്കൾ ഭാവിപ്രവർത്തനം സംബന്ധിച്ച സംയുക്ത പ്രഖ്യാപനം നടത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ശനിയാഴ്ച ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എന്‍ പൊതുസഭയില്‍ സംസാരിക്കും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യു.എസ് സന്ദര്‍ശനം അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
