‘യുദ്ധക്കുറ്റത്തിന് ഐ.സി.സിയിൽ വിചാരണ നേരിടേണ്ടയാൾ നിയമത്തെക്കുറിച്ച് പറയുന്നു’; നെതന്യാഹുവിനെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി
text_fieldsശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, ബിന്യമിൻ നെതന്യാഹു
ദോഹ: ഭീകരർക്ക് സംരക്ഷണം നൽകുന്ന ഖത്തർ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി രംഗത്ത്. യുദ്ധക്കുറ്റത്തിന് ഐ.സി.സിയിൽ വിചാരണ നേരിടേണ്ടയാളാണ് നിയമത്തെക്കുറിച്ച് പറയുന്നതെന്നും നെതന്യാഹുവിനെപ്പോലെ ഒരാളിൽനിന്ന് വരുന്ന ഭീഷണി തങ്ങൾ വകവെക്കുന്നില്ലെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ബന്ദികളുടെ പ്രതീക്ഷ തല്ലിക്കെടുത്തുകയാണ് നെതന്യാഹു ചെയ്തതെന്നും സി.എൻ.എന്നിനു നൽകി പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“ആക്രമണം നടന്ന ദിവസം രാവിലെ ബന്ദികളിൽ ഒരാളുടെ കുടുംബത്തെ ഞാൻ കണ്ടിരുന്നു. മധ്യസ്ഥ ചർച്ചകളിൽ മാത്രമാണ് തങ്ങൾക്ക് പ്രതീക്ഷയെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ അവരുടെയെല്ലാം പ്രതീക്ഷ തല്ലിക്കെടുത്തുകയാണ് നെതന്യാഹു ചെയ്തത്. നെതന്യാഹുവിനെപ്പോലെ ഒരാളിൽനിന്ന് വരുന്ന ഭീഷണി ഞങ്ങൾ വകവെക്കുന്നില്ല. നിയമത്തെപ്പറ്റി സംസാരിക്കാൻ നെതന്യാഹുവിന് എങ്ങനെ സാധിക്കും? യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ (ഐ.സി.സി) വിചാരണ നേരിടേണ്ടയാളാണ് നെതന്യാഹു. എന്നിട്ട് മറ്റു രാജ്യങ്ങളോട് നിയമത്തെപ്പറ്റി സംസാരിക്കുന്നു.
എല്ലാ അന്താരാഷ്ട്ര മര്യാദകളും നിയമങ്ങളും ലംഘിച്ചുകൊണ്ടാണ് അയാൾ ഓരോ നടപടിയും സ്വീകരിക്കുന്നത്. ഗസ്സയിലെ ജനങ്ങളെ കൊന്നൊടുക്കുന്നതും പട്ടിണിക്കിടുന്നതുമുൾപ്പെടെ മേഖലയിലാകെ കൊടും ക്രൂരതകളാണ് അയാൾ ചെയ്യുന്നത്. ഇനിയെന്താണ് ചെയ്യാനുള്ളത്? തികച്ചും മനുഷ്യത്വ രഹിതമായ നടപടികളാണ് സ്വീകരിക്കുന്നത്. ആളുകൾക്ക് ഒരു സംസ്കാരമുണ്ടെന്നല്ലേ നമ്മൾ പ്രതീക്ഷിക്കുന്നത്. മനുഷ്യത്വപരമായല്ലേ നമ്മൾ ഇടപെടുന്നത്. എന്നാൽ നെതന്യാഹുവിന്‍റേത് തികച്ചും പ്രാകൃതമായ നടപടിയാണ്” -ഖത്തർ പ്രധാനമന്ത്രി പറഞ്ഞു.
ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടക്കുന്ന ഗസ്സ വെടിനിർത്തൽ ചർച്ചക്കായി ദോഹയിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.50 ഓടെയാണ് വൻ ശബ്ദത്തിൽ ലഗ്തൈഫിയ ഭാഗത്ത് ജനവാസ മേഖലയിൽ തുടർച്ചയായി സ്ഫോടനമുണ്ടായത്. ഹമാസിന്റെ സമുന്നത നേതാക്കളായ ഖലീൽ അൽഹയ്യ, ഖാലിദ് മിശ്അൽ, സഹർ ജബരിൻ, നിസാർ അവദല്ല എന്നിവരും ആക്രമിക്കപ്പെട്ട കെട്ടിടത്തിലുണ്ടായിരുന്നതായാണ് സൂചന. ഗസ്സയിലെ ഹമാസ് തലവനായ ഖലീൽ അൽഹയ്യയുടെ മകൻ ഹമീം അൽഹയ്യ, ഓഫിസ് ഡയറക്ടർ ജിഹാദ് ലബാദ് എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ‘സമ്മിറ്റ് ഓഫ് ഫയർ’ എന്ന് പേരിട്ട ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ദോഹയിലെ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കി. പിന്നാലെ ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേലിന്‍റെ ആക്രമണം ഖത്തറിന്‍റെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. ഏതുതരത്തിലുള്ള ഭീകരതക്കും എതിരാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

