‘ഇസ്രായേൽ ആക്രമണം ഭീരുത്വം’; ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഇസ്രായേലിന്‍റെ നടപടി ഭീരുത്വമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു.
മേഖലയുടെ സുരക്ഷയെ നിരന്തരം ദുർബലപ്പെടുത്തുന്ന ഇസ്രായേലിന്റെ നിരുത്തരവാദപരമായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് മാജിദ് അൻസാരി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഖത്തറിന്‍റെ സുരക്ഷയെയും പരമാധികാരത്തെയും ലക്ഷ്യമിട്ടുള്ള ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. ഉന്നത തലത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ കുറ്റകൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നയങ്ങളുടെയും നഗ്നമായ ലംഘനമാണ്. ഇത് ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ തലസ്ഥാനമായ ദോഹയിലാണ് ഇസ്രായേൽ അപ്രതീക്ഷിതമായി വ്യോമാക്രമണം നടത്തിയത്. ഹമാസിന്‍റെ നേതാക്കൾ താമസിക്കുന്ന ദോഹയിലെ റെസിഡെൻഷ്യൽ ആസ്ഥാനം ലക്ഷ്യമിട്ടാണ് ആക്രമണം. അമേരിക്കയുടെ മധ്യസ്ഥതയിൽ ഗസ്സ വെടിനിർത്തൽ ചർച്ചകൾ ദോഹയിൽ നടക്കുന്നതിനിടെയാണ് ഹമാസ് നേതാക്കൾക്ക് നേരെയുണ്ടായ ആക്രമണം. താമസക്കാരുടെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന, സിവിൽ ഡിഫൻസ്, ബന്ധപ്പെട്ട മറ്റ് വകുപ്പുകൾ എന്നിവ ഉടൻതന്നെ സംഭവസ്ഥലത്തെത്തി. സ്ഥിതിഗതികൾ നിയന്ത്രിക്കാനും പ്രദേശവാസികളുടെയും സമീപ പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

