ഗസ്സ വെടിനിർത്തൽ നിർണായക ഘട്ടത്തിലെന്ന് ഖത്തർ; ഭാഗികമായി അതിർത്തി തുറക്കുന്നതിൽ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ
text_fieldsറഫ അതിർത്തി കവാടം
ദോഹ: ഗസ്സ വെടിനിർത്തൽ കരാർ നിർണായക ഘട്ടത്തിലെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര മധ്യസ്ഥസംഘം രണ്ടാം ഘട്ട കരാർ നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ഇസ്രായേൽ സേനയുടെ പൂർണ പിന്മാറ്റമുണ്ടാകുകയും ഗസ്സ സ്ഥിരതയിലേക്ക് തിരിച്ചുപോകുകയും ജനത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ കഴിയുകയും ചെയ്യും വരെ വെടിനിർത്തൽ പൂർണമാകില്ല. നിലവിൽ അങ്ങനെയൊരു സാഹചര്യമായിട്ടില്ല’’- ആൽഥാനി വ്യക്തമാക്കി.
രണ്ടുവർഷമായി തുടർന്ന വംശഹത്യ ഭാഗികമായി അവസാനിപ്പിച്ചുവെങ്കിലും ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നശേഷം 360 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഗസ്സ സിറ്റിയിലെ ബോംബിങ്ങിൽ രണ്ട് ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബർ ഒന്നിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 20 ഇന സമാധാന കരാർ പ്രകാരം ഒന്നാംഘട്ട വെടിനിർത്തൽ നിലവിൽവന്നിട്ടുണ്ട്. നിരവധി ബന്ദികളെ മോചിപ്പിച്ചതിന് പകരമായി നൂറുകണക്കിന് ഫലസ്തീനി തടവുകാരെയും വിട്ടയച്ചിട്ടുണ്ട്. അവസാന ബന്ദിയുടെ മൃതദേഹവും വിട്ടുകിട്ടാനുള്ള ചർച്ചകൾക്കായി ഇസ്രായേൽ സംഘം കഴിഞ്ഞ ആഴ്ച പ്രതിനിധി സംഘത്തെ ഈജിപ്തിലേക്ക് അയച്ചിരുന്നു.
വെടിനിർത്തൽ രണ്ടാം ഘട്ടത്തിൽ ഗസ്സയിൽ അന്താരാഷ്ട്ര സേനയിറങ്ങുകയും ഭരണം രാജ്യാന്തരസമിതിക്ക് കൈമാറുകയും വേണം. ഹമാസിനെ നിരായുധീകരിക്കുക, ഇസ്രായേൽ സൈനിക പിന്മാറ്റം പൂർത്തിയാക്കുക എന്നിവയും വേണം. ഇതൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. ട്രംപ് അധ്യക്ഷനാകുന്ന രാജ്യാന്തര സമിതി ഈ വർഷാവസാനത്തോടെ ഗസ്സ ഭരണം ഏറ്റെടുത്തേക്കുമെന്ന് അറബ്, പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ അന്താരാഷ്ട്ര സേനയിൽ തുർക്കിയുടെ പങ്കാളിത്തവും ഉണ്ടാകേണ്ടതാണെങ്കിലും അനുവദിക്കില്ലെന്ന് ഇസ്രായേൽ അറിയിച്ചിട്ടുണ്ട്.
അതിനിടെ, പുറത്തുപോകാൻ മാത്രം അനുവദിച്ച് റഫ അതിർത്തി തുറക്കാനുള്ള ഇസ്രായേൽ തീരുമാനത്തിനെതിരെ അറബ് രാജ്യങ്ങൾ ശക്തമായി രംഗത്തെത്തി. ഇതുവഴി ഫലസ്തീനികൾക്ക് നാടുവിടാൻ മാത്രമേ അനുമതിയുണ്ടാകൂ. തിരിച്ചെത്താനാകില്ല. സഹായ ട്രക്കുകളും അനുവദിക്കില്ല. ഇത് അംഗീകരിക്കാനാകില്ലെന്ന് ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ, തുർക്കിയ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

