ഗസ്സയിൽ വെടിനിർത്തൽ നീക്കങ്ങൾക്ക് ഇസ്രായേൽ തുരങ്കംവെച്ചു; വെളിപ്പെടുത്തലുമായി ഖത്തർ പ്രധാനമന്ത്രി
text_fieldsവാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായവർ യുദ്ധക്കുറ്റവാളികളാണെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രായേലിന്റെ സൈനിക നടപടികളെ രൂക്ഷമായി വിമർശിച്ചത്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചകൾ സുഗമമാക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങളെ തുടക്കം മുതൽ തന്നെ ഇസ്രായേൽ അട്ടിമറിക്കാൻ ശ്രമിച്ചതായും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ 'കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അതിനെ അപലപിക്കേണ്ടതാണെന്നും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ അതിന്മേൽ ഇസ്രായേൽ നടത്തുന്ന തിരിച്ചടികൾക്ക് യാതൊരുവിധ ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളും സ്കൂളുകളും ലക്ഷ്യമിട്ട് ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇതിന് എന്തുതരം വാദമുഖങ്ങൾ നിരത്തിയാലും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് 2025 ഒക്ടോബറിൽ അമേരിക്കയുടെ നേതൃത്വത്തിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ഇസ്രായേൽ നിരന്തരം ലംഘിക്കുകയാണെന്നും, അതിനുശേഷമുള്ള കാലയളവിൽ 1,400ലധികം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടതെന്നും ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗസ്സയുടെ 70 ശതമാനത്തോളം ഭാഗങ്ങൾ ഇപ്പോൾ ഇസ്രായേൽ സൈന്യം കയ്യടക്കി വെച്ചിരിക്കുകയാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന ഇസ്രായേലിന്റെ ലക്ഷ്യം ദുരൂഹമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ചർച്ചകൾക്കായി ദോഹയിൽ ഒത്തുകൂടിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് 2025ൽ ഖത്തറിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൽ ഖത്തറും പാകിസ്താനും ചേർന്ന് പ്രധാനപ്പെട്ട മാധ്യസ്ഥ ശ്രമങ്ങളാണ് നടത്തുന്നതെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കൽ, ഹുർമുസ് കടലിടുക്കിലെ സ്വതന്ത്ര യാത്രാസുരക്ഷ ഉറപ്പാക്കൽ, ഗൾഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ പുനഃസംഘടിപ്പിക്കൽ എന്നിവയാണ് ഈ മേഖലയിൽ സമാധാനം കൈവരിക്കാൻ പരിഹരിക്കപ്പെടേണ്ട മൂന്ന് പ്രധാന വിഷയങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

