പുടിന്റെ യുക്രെയ്ൻ യുദ്ധം നയപരമായ അബദ്ധം -വൈറ്റ്ഹൗസ്
text_fieldsവാഷിങ്ടൺ: പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ യുക്രെയ്ൻ യുദ്ധം നയപരമായ അബദ്ധമാണെന്നും അത് റഷ്യയെ ദുർബലപ്പെടുത്തിയെന്നും വൈറ്റ്ഹൗസ്. ലോകരാഷ്ട്രങ്ങൾക്കിടയിൽ റഷ്യ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കയാണ്. യുക്രെയ്ൻ വിഷയത്തിൽ റഷ്യൻ സൈന്യം പുടിനെ തെറ്റിദ്ധരിപ്പിച്ചിരിക്കയാണ്.
തൻമൂലം പ്രസിഡന്റും സൈനിക നേതൃത്വവും തമ്മിൽ ഭിന്നതയിലാണെന്ന് വിവരം ലഭിച്ചതായും വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് അവകാശപ്പെട്ടു.
യുക്രെയ്നിലെ റഷ്യൻ സൈന്യത്തിന്റെ അവസ്ഥയെയും ഉപരോധം മൂലം ആ രാജ്യം നേരിടുന്ന പ്രതിസന്ധികളെയും കുറിച്ച് സത്യം തുറന്നുപറയാനുള്ള ഭയം മൂലം തെറ്റായ വിവരങ്ങളാണ് ഉപദേഷ്ടാക്കൾ പുടിനെ ധരിപ്പിക്കുന്നത്. അധിനിവേശത്തിന്റെ തുടക്കത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവ് ലക്ഷ്യമിട്ട് വൻ ആക്രമണമാണ് റഷ്യ നടത്തിയത്.
വിചാരിച്ചതുപോലെയല്ല കാര്യങ്ങളെന്ന് തിരിച്ചറിഞ്ഞു. യുദ്ധമുഖത്ത് യുക്രെയ്ന് സഹായം നൽകുന്നത് തുടരുമെന്നും റഷ്യയിൽ നേതൃമാറ്റം യു.എസ് പ്രസിഡന്റിന്റെ അജണ്ടയിലില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, റഷ്യൻ പ്രസിഡന്റിനെയും ഞങ്ങൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനെയും കുറിച്ച് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനും പെന്റഗണിനും ഒരുചുക്കും അറിയില്ലെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് മറുപടി നൽകി.
തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങൾ തെറ്റായ തീരുമാനങ്ങൾക്കും കനത്ത പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന ആശങ്കയും പെസ്കോവ് പങ്കുവെച്ചു.