ജിമ്മും ടർക്കിഷ് ബാത്തും; പുടിന്റെ 'ഗോസ്റ്റ് ട്രെയിനിന്റെ' വിവരങ്ങൾ ചോർന്നു- റിപ്പോർട്ട്
text_fieldsമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ അതീവ രഹസ്യമായ ആഡംബര ട്രെയിനിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജിമ്മും ടർക്കിഷ് ബാത്തും ബ്യൂട്ടി സലൂണും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളാണ് ഈ ട്രെയിനിനുള്ളിലുള്ളത്. ലണ്ടൻ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പായ 'ഡോസ്സിയർ സെന്റർ' ആണ് ചോർന്ന രേഖകളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ പുറത്തുവിട്ടത്. മുൻ റഷ്യൻ എണ്ണ വ്യവസായിയായ മിഖായേൽ ഖൊഡോർകൊവ്‌കിയാണ് ഈ ഗ്രൂപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.
വിമാന യാത്രകളേക്കാൾ പുടിൻ ഇപ്പോൾ ആഡംബര ട്രെയിൻ യാത്രയാണ് കൂടുതൽ താൽപ്പര്യപ്പെടുന്നത്. വിമാനങ്ങൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യപ്പെടാം എന്നതിനാൽ പ്രസിഡന്റിന്റെ യാത്രകൾ രഹസ്യമാക്കി വെക്കാനാണ് ഈ പ്രത്യേക ട്രെയിൻ ഉപയോഗിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന് തൊട്ടുമുമ്പ് ഇത്തരം ട്രെയിനുകളുടെ ഉപയോഗം ഗണ്യമായി വർദ്ധിച്ചിരുന്നു. റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് ട്രെയിൻ കാറേജുകൾ സജ്ജീകരിക്കുന്ന 'സിർക്കോൺ സർവീസ്' എന്ന കമ്പനിയിലെ ഇൻസൈഡറിൽ നിന്നാണ് രേഖകൾ ചോർന്നതെന്നാണ് റിപ്പോർട്ട്.
021-78630 എന്ന നമ്പറിലുള്ള പ്രത്യേക കാറേജിലാണ് ജിമ്മും സ്പായ്ക്കായുള്ള അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയുടെ ഫിറ്റ്നസ് ഉപകരണങ്ങളും റേഡിയോ ഫ്രീക്വൻസി സ്കിൻ ട്രീറ്റ്‌മെന്റ് സംവിധാനങ്ങളും ഇതിലുണ്ട്. ചോർത്തലുകൾ തടയാൻ പ്രത്യേക സംവിധാനമുള്ള മുറികളും ടൈൽ പാകിയ ബാത്റൂമിൽ ടർക്കിഷ് സ്റ്റീം ബാത്തും ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന നിയന്ത്രണത്തിലാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്.
എന്നാൽ വാർത്തകൾ ക്രെംലിൻ പൂർണ്ണമായും നിഷേധിച്ചു. പുടിന് അത്തരം ട്രെയിനുകൾ ഒന്നുംതന്നെ ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുന്നത്. എങ്കിലും സുരക്ഷാ ഏജൻസിയായ എഫ്.എസ്.ഒയുടെ നിയന്ത്രണത്തിലുള്ള ഈ 'ഗോസ്റ്റ് ട്രെയിൻ' അമേച്വർ ട്രെയിൻ സ്പോട്ടർമാർ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ ആന്റിനകൾ സ്ഥാപിച്ച പ്രത്യേക വെള്ള ഡോമുകളാണ് ട്രെയിനിന്റെ പ്രധാന തിരിച്ചറിയൽ അടയാളം.
അതേസമയം, കടുത്ത സുരക്ഷാ ഭയവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് പുടിനെ ഇത്തരത്തിലുള്ള യാത്രകളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ പ്രസംഗകനായ അബ്ബാസ് ഗാല്യാമോവ് വ്യക്തമാക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുടിൻ കടുത്ത ഏകാന്തതയിലാണ് കഴിയുന്നത്. എന്തായാലും അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് പുടിന്റെ ഈ ആഡംബര രഹസ്യ ട്രെയിൻ വിശേഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

