പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഇന്ത്യ-യു.എസ് വ്യാപാര സംഘർഷങ്ങൾക്കിടെ
text_fieldsമോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഇന്ത്യാ സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. പുടിൻ അതിനായുള്ള സജീവമായ തയ്യാറെടുപ്പിലാണെന്ന് റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ഇത് ഒരു പ്രധാന യാത്രയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.റിപ്പോർട്ടുകൾ പ്രകാരം ഡിസംബറിലായിരിക്കും സന്ദർശനം.
2022 ഫെബ്രുവരിയിൽ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് 2021 ഡിസംബറിലാണ് പുടിൻ അവസാനമായി ഇന്ത്യ സന്ദർശിച്ചത്. സെപ്റ്റംബർ 25ന് റഷ്യൻ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് തന്റെ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ചർച്ചകൾക്കൊടുവിൽ സ്വതന്ത്ര വ്യാപാര കരാർ, കാർഷിക വ്യാപാരം എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നു.
റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും യു.എസും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പര്യടനം. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറക്കാൻ ഇന്ത്യ സമ്മതിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഒക്ടോബറിൽ ഒരു ഫോൺ കോളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. 2022ൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പാശ്ചാത്യ രാജ്യങ്ങൾ വാങ്ങലുകൾ ഒഴിവാക്കുകയും റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് ഇന്ത്യ റഷ്യയുടെ എണ്ണയുടെ ഏറ്റവും വലിയ വിപണികളിൽ ഒന്നായി മാറിയത്.
സമീപ മാസങ്ങളിൽ അസംസ്കൃത എണ്ണ വാങ്ങുന്നത് തുടരുന്നതിലൂടെ യുക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകാൻ ഇന്ത്യ സഹായിച്ചതായി യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. എന്നാൽ, ഇന്ത്യ ഈ വാദം നിഷേധിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന്റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യു.എസ് തീരുവ ചുമത്തി ഭീഷണിപ്പെടുത്തി. എണ്ണയും വാതകവും റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതിയാണ്. ഇവയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ചൈന, ഇന്ത്യ, തുർക്കി എന്നിവ ഉൾപ്പെടുന്നു.
അതിനിടെ, യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് റഷ്യ പറഞ്ഞു. റഷ്യ അതിന്റെ ലക്ഷ്യങ്ങൾ നേടിക്കഴിഞ്ഞാൽ യുദ്ധം അവസാനിപ്പിക്കാമെന്നും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ ഇത് ചെയ്യാൻ അവർ ആഗ്രഹിക്കുന്നു എന്നുമുള്ള ക്രെംലിന്റെ നിലപാട് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

