യുക്രെയ്ൻ സൈന്യത്തോട് അധികാരം പിടിച്ചെടുക്കാൻ പുടിന്‍റെ ആഹ്വാനം
text_fieldsകിയവ്: ഭരണം അട്ടിമറിക്കാനും അധികാരം പിടിച്ചെടുക്കാനും യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. നിലവിലെ സർക്കാർ നവ നാസികളുടേതും ലഹരിക്ക് അടിമപ്പെട്ടവരുടേതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുദ്ധം തുടങ്ങി രണ്ടാംദിനം റഷ്യൻ സുരക്ഷ കൗൺസിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പുടിൻ.
യുക്രെയ്നിലെ ഭരണകൂടത്തെ പുറത്താക്കുംവരെ ആക്രമണം തുടരും. യുക്രെയ്ൻ സർക്കാറിനെ പരഹസിക്കുന്നതിന്‍റെ ഭാഗമായി നവ നാസികൾ എന്നാണ് പുടിൻ വിളിച്ചിരുന്നത്. നിങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും പ്രായമായവരെയും മനുഷ്യ കവചമായി ഉപയോഗിക്കാൻ നവ നാസികളെ അനുവദിക്കരുതെന്ന് പുടിൻ യുക്രെയ്ൻ സായുധ സേനയോട് പ്രത്യേകം അഭ്യർഥിച്ചു. നിങ്ങൾ അധികാരം പിടിച്ചെടുക്കുക. കിയവിൽ ലഹരിക്ക് അടിമപ്പെട്ടവരെയും നവ നാസികളെയും ഒഴിവാക്കി നമുക്ക് എളുപ്പത്തിൽ കരാറിലെത്താനാകുമെന്നും പുടിൻ പറഞ്ഞു.
നേരത്തെ, കിയവിനു സമീപത്തെ സുപ്രധാന ഹൊസ്റ്റൊമൽ വ്യോമതാവളം തങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. യുക്രെയ്ൻ സ്പെഷൽ യൂനിറ്റിലെ 200 പേർ കൊല്ലപ്പെട്ടതായും റഷ്യൻ സേന അവകാശപ്പെട്ടു. റഷ്യൻ സേനയെ പ്രതിരോധിക്കാൻ യുക്രെയ്ൻ സൈന്യവും ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. കിയവിൽ വളൻറിയർമാർക്ക് 18,000 തോക്കുകൾ വിതരണം ചെയ്തതായി യുക്രെയ്ൻ വൃത്തങ്ങൾ വെളിപ്പെടുത്തി. യുദ്ധം തുടങ്ങിയതു മുതൽ 450 റഷ്യൻ സൈനികരും 57 സിവിലിയർ ഉൾപ്പെടെ 194 യുക്രെയ്ൻ സൈനികരും കൊല്ലപ്പെട്ടതായി യു.കെ പ്രതിരോധ മന്ത്രി അറിയിച്ചു. അതേസമയം, അധിനിവേശം ആരംഭിച്ചതു മുതൽ ആയിരത്തിലധികം റഷ്യക്കാർ കൊല്ലപ്പെട്ടതായി യുക്രെയ്നും അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

