വെടിനിർത്തൽ കരാർ അംഗീകരിച്ച് പുടിൻ; ഉപാധികൾ മുന്നോട്ടുവെച്ചു
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ. എന്നാൽ, ചില ആശങ്കകൾ തങ്ങൾക്കുണ്ടെന്നും പുടിൻ പറഞ്ഞു. യു.എസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു റഷ്യൻ പ്രസിഡന്റ്.
വെടിനിർത്തൽ എന്ന ആശയം നല്ലതാണ്. അതിനെ ഞങ്ങൾ അനുകൂലിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ചില ചോദ്യങ്ങളുണ്ട്. വെടിനിർത്തൽ കരാർ മൂലം സമാധാനം പുനഃസ്ഥാപിക്കപ്പെടുകയും പ്രതിസന്ധിയുടെ മൂലകാരണം ഇല്ലാതാക്കുകയും വേണമെന്ന് പുടിൻ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് യു.എസുമായി ചർച്ചകൾ നടത്തും. ട്രംപിനെ വിളിക്കും. യുക്രെയ്നെ സംബന്ധിച്ചടുത്തോളം 30 ദിവസത്തെ വെടിനിർത്തൽ കരാർ എന്നത് ഗുണകരമായ കാര്യമാണ്. യുക്രെയ്ൻ സൈന്യത്തെ പരിശീലിപ്പിക്കാൻ ഈ 30 ദിവസത്തെ ഉപയോഗിക്കുമോയെന്ന ആശങ്കയും വാർത്താസമ്മേളനത്തിൽ പുടിൻ പങ്കുവെച്ചു.
കുർസ്കിന്റെ കാര്യത്തിലടക്കം ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. യുക്രെയ്ൻ കുർസ്കിന്റെ ചില ഭാഗങ്ങൾ മുമ്പ് പിടിച്ചെടുത്തിരുന്നു. എന്നാൽ, ഈ ഭാഗങ്ങൾ തിരികെ പിടിച്ചുവെന്നും റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടു. കീഴടങ്ങുകയോ മരിക്കുകയോ മാത്രമാണ് യുക്രെയ്ന് കുർസ്കിൽ ആകെ ചെയ്യാവുന്നത്. ഈ മേഖല സംബന്ധിച്ച് വെടിനിർത്തൽ കരാറിൽ എന്ത് തീരുമാനമുണ്ടാകുമെന്നും പുടിൻ ചോദിച്ചു.
സൗദി അറേബ്യയിൽ യു.എസ്- യുക്രെയ്ൻ ഉദ്യോഗസ്ഥരുടെ ചർച്ചകൾക്ക് ശേഷമാണ് വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചത്. തുടർന്ന് കരാറിലെ വിവരങ്ങൾ പങ്കുവെക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.