Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ: മധ്യസ്ഥതക്ക്‌ തയാറെന്ന് റഷ്യ

text_fields
bookmark_border
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ: മധ്യസ്ഥതക്ക്‌ തയാറെന്ന് റഷ്യ
cancel

മോസ്കോ : അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനെതിരെ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. തുർക്ക്‌മെനിസ്ഥാൻ സന്ദർശനത്തിനിടയിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. മുൻ സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ഇറാൻറെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെയാണ് ഈ സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്ന് അറിയാമെന്നും, ഈ സാഹചര്യം പരിഹരിക്കാൻ ഇറാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിഷയം പരിഹരിക്കുന്നതിന് റഷ്യയുടെ ഭാഗത്തുനിന്ന് പൂർണ പിന്തുണയുണ്ടാകുമെന്ന് പുടിൻ പെസെഷ്കിയന് ഉറപ്പുനൽകി. കൂടാതെ, റഷ്യയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ അനുകൂലമായ പുരോഗതിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

പടിഞ്ഞാറൻ രാജ്യങ്ങളുടെ കനത്ത ഉപരോധങ്ങൾ നേരിടുന്ന റഷ്യയും ഇറാനും സമീപകാലത്ത് നയതന്ത്ര, സൈനിക രംഗങ്ങളിൽ സഹകരണം ശക്തമാക്കിയിട്ടുണ്ട്. വ്യാപാരം, സൈനിക സഹകരണം, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിൽ സമഗ്ര തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. അതേസമയം, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാധ്യസ്ഥ ശ്രമങ്ങൾക്ക് തയാറാണെന്ന് ബുധനാഴ്ച നടന്ന ഫോൺ സംഭാഷണത്തിലും പുടിൻ വ്യക്തമാക്കിയിരുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാൻ–അമേരിക്ക ചർച്ചകൾ മുന്നോട്ടുപോകുന്നതിൽ തടസ്സങ്ങൾ നേരിടുന്നതിനിടെയാണ് പുടിന്റെ പുതിയ പ്രസ്താവന. ഇതിനിടെ നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിൽ ഫലപ്രദമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അതേസമയം, യുക്രെയ്ൻ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും പ്രതിസന്ധിയിലാണ്. സമാധാന ചർച്ചകളിൽ വ്യക്തമായ പുരോഗതിയില്ലാത്തതിനിടെ റഷ്യയും യുക്രെയ്‌നും ആക്രമണങ്ങൾ ശക്തമാക്കുന്നത് തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Putin pledges Russia’s support to end US-led war on Iran
Next Story