അപേക്ഷകൾ ഒന്നും പരിഗണിച്ചില്ല; മൂന്ന് പതിറ്റാണ്ടിലേറെ യു.എസിൽ താമസിച്ച പഞ്ചാബി മുത്തശ്ശിയെ ഇന്ത്യയിലേക്ക് നാടുകടത്തി
text_fieldsവാഷിംങ്ടൺ: അമേരിക്കയിലെ സിഖ് സമൂഹത്തിൽ ഞെട്ടലും ദുഃഖവും ഉണ്ടാക്കി അവരുടെ പ്രിയങ്കരിയായ പഞ്ചാബി മുത്തശ്ശി ഹർജിത് കൗറിനെ യു.എസ് അധികൃതർ ഇന്ത്യയിലേക്കു നാടു കടത്തി. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട യു.എസ് ജീവിതത്തിന് കയ്പേറിയ വിരാമിട്ടാണ് 73 കാരിയുടെ മടക്കം. ഇത്രയും കാലം യു.എസിൽ താമസിച്ച ശേഷം പെട്ടെന്ന് തടങ്കലിലടക്കുകയും നാടുകടത്തുകയും ചെയ്യുന്നു. ഇതിനേക്കാൾ നല്ലത് മരിക്കുന്നതാണെന്ന് ഡൽഹിയിൽ വന്നിറങ്ങിയ ഹർജിത് കൗർ അതീവ ദു:ഖിതയായി പ്രതികരിച്ചു.
യു.എസിൽ അഭയം തേടിയതുമായി ബന്ധപ്പെട്ട രേഖകൾക്കായി വർഷങ്ങൾക്കു മുമ്പേ പലതവണ അപേക്ഷിച്ചിട്ടും അധികൃതർ അത് നൽകാൻ കൂട്ടാക്കിയില്ല. മതിയായ രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഹർജിത് കൗറിനെ ഈ മാസം 8ന് യു..എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സി.ഇ) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് തടങ്കൽ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ഇത് സിഖ് സമൂഹത്തിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.
ക്രിമിനൽ റെക്കോർഡുകൾ ഒന്നും ഇല്ലാത്ത കൗറിനോട് തടങ്കലിൽ ഐ.സി.ഇ ഉദ്യോഗസ്ഥർ വളരെ മോശം രീതിയിൽ പെരുമാറിയതായി അവരുടെ അഭിഭാഷകൻ ദീപക് അലുവാലിയ ആരോപിച്ചു. ഈ മാസം 19ന് കൗറിനെ ജോർജിയയിലെ ഒരു തടവുകേന്ദ്രത്തിലേക്ക് മാറ്റി. 22ന് ഇന്ത്യയിലേക്ക് നാടുകടത്തിയെന്നും അവരുടെ യു.എസിലെ വീട് സന്ദർശിക്കാനോ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉചിതമായ യാത്രയയപ്പ് നൽകാനോ ഒരിക്കലും കഴിഞ്ഞില്ലെന്നും അലുവാലിയ പറഞ്ഞു.
ഒരു കിടക്ക പോലുമില്ലാതെയാണ് 70 മണിക്കൂറോളം അവർ തടങ്കലിൽ കഴിഞ്ഞത്. രണ്ട് കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്ന വയോധിക തറയിൽ ഉറങ്ങാൻ നിർബന്ധിതയായതായും അദ്ദേഹം പറഞ്ഞു. മരുന്ന് കഴിക്കാൻ വെള്ളത്തിനു പകരം ഐസ് നൽകിയതായും ഭക്ഷണം നിഷേധിച്ചതായും നൽകിയ സാൻഡ്‌വിച്ച് കഴിക്കാൻ കഴിയാത്തതിന് ഗാർഡുകൾ കൗറിനെ ശകാരിച്ചതായും അദ്ദേഹം ആരോപിച്ചു.
പതിറ്റാണ്ടുകളായി രാജ്യത്ത് താമസിക്കുന്നതിന്റെ നടപടിക്രമങ്ങൾ കൗർ പൂർത്തിയാക്കിയിട്ടില്ലെന്നും 2005ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി അവരെ നീക്കം ചെയ്യാൻ ഉത്തരവിട്ടിരുന്നുവെന്നുമാണ് നടപടിയിൽ ഐ.ഇ.സിയുടെ വാദം. ഹർജിത് കൗർ ഒൻപതാം സർക്യൂട്ട് അപ്പീൽ കോടതി വരെ നിരവധി അപേക്ഷകൾ ഫയൽ ചെയ്തിട്ടുണ്ട്. ഓരോ തവണയും അവർ പരാജയപ്പെട്ടു. നിയമപരമായ പരിഹാരങ്ങളുടെ എല്ലാ വഴികളും അടഞ്ഞതിനാൽ യു.എസ് നിയമവും ജഡ്ജിയുടെ ഉത്തരവുകളും തങ്ങൾ നടപ്പിലാക്കുകയാണെന്നും ഐ.സി.ഇ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ രാഷ്ട്രീയ പ്രക്ഷുബ്ധതയിൽ നിന്ന് രക്ഷപ്പെടാൻ 1991ലാണ് തന്റെ രണ്ട് ആൺമക്കൾക്കൊപ്പം കാലിഫോർണിയയിലേക്ക് താമസം മാറിയത്. ഇതിനിടെ നിരവധി തവണ അഭയം തേടാനുള്ള ശ്രമങ്ങൾ നടത്തി. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഹെർക്കുലീസിൽ താമസിച്ചിരുന്ന കൗർ അവിടെ ഒരു തയ്യൽ ജോലി ചെയ്യുകയും നികുതി അടക്കുകകയും ചെയ്തുപോന്നു. കുടിയേറ്റ അപേക്ഷകർക്ക് അവരുടെ അവകാശവാദങ്ങളുടെ അംഗീകാരത്തിനായി പോരാടുമ്പോൾ തന്നെ നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും അനുവാദമുണ്ട്.
ഹെർകുലീസിൽ എല്ലാവരുടെയും പ്രിയങ്കരിയായ മുത്തശ്ശിയായിരുന്നു കൗർ. അവരുടെ പെരുമാറ്റവും വ്യക്തിത്വവും ഏറെ ആകർഷണീയമായിരുന്നുവെന്ന് കുടുംബങ്ങളും അയൽവാസികളും പ്രദേശിക രാഷ്ട്രീയ നേതാക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ഐ.സി.ഇയുടെ നടപടിക്കെതിരെ ആ നാട്ടുകാർ ഒറ്റക്കെട്ടായി തെരുവിലറങ്ങിയും സമൂഹ മാധ്യമങ്ങളിലൂടെയും പ്രതിഷേധിച്ചെങ്കിലും യു.എസ് അധികൃതർ അതൊന്നും ചെവി കൊണ്ടില്ല.
ഈ വർഷം ജനുവരി മുതൽ ഇതുവരെ, 2417 ഇന്ത്യൻ പൗരന്മാരെ അമേരിക്കയിൽ നിന്ന് നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ടെന്നും ഹർജിത് കൗറിന്റെ കാര്യത്തിലും അത് സംഭവിച്ചുവെന്നുമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം. ‘കുടിയേറ്റത്തിന്റെ നിയമപരമായ വഴികൾ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതേസമയം, ഇന്ത്യ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ നിലകൊള്ളുന്നുവെന്നും’ ജെയ്സ്വാൾ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

