പഞ്ചാബ് യുവതി ന്യൂ ജഴ്‌സിയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു
text_fieldsവെടിവെപ്പിൽ കൊല്ലപ്പെട്ട ജസ്‍വീർ കൗർ (ഇടത്)
ന്യൂഡൽഹി: യു.എസിലെ ന്യൂ ജഴ്‌സിയിയിലെ മിഡിൽസെക്‌സ് കൗണ്ടിയിൽ ഇന്ത്യക്കാരി വെടിവെപ്പിൽ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബ് സ്വദേശിയായ ജസ്‍വീർ കൗർ (29) ആണ് കൊല്ലപ്പെട്ടത്. 20 വയസ്സുള്ള ബന്ധു ഗഗൻദീപ് കൗറിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച യു.എസിലെ ന്യൂജേഴ്‌സിയിലെ കാർട്ടാരെറ്റിൽ ആയിരുന്നു സംഭവം.
പഞ്ചാബിലെ ജലന്ധർ ജില്ലയിലെ നൂർമഹൽ സ്വദേശികളാണ് ഇരുവരും. പ്രതി ഇന്ത്യൻ വംശജനായ ഗൗരവ് ഗിൽ എന്ന 19 കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജലന്ധർ ജില്ലയിലെ ഹുസൈൻപൂർ ഗ്രാമത്തിൽ നിന്നുള്ള ഗില്ലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തുകയും ചെയ്തു.
പ്രതി ന്യൂജേഴ്‌സിയിലെ ജസ്‌വീറിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നുവെന്ന് മിഡിൽസെക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. ജലന്ധറിൽ വെച്ച് ഐ.ഇ.എൽ.ടി.എസ് കോച്ചിങ് ക്ലാസിൽ വെച്ച് ഗൗരവിന് ഗഗൻദീപിനെ അറിയാമായിരുന്നുവെന്നാണ് വിവരം. സമഗ്രമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

