പുലിറ്റ്സർ പ്രൈസ് ജേതാവ് പീറ്റർ ആർനെറ്റ് അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: യുദ്ധമേഖലകളിൽനിന്ന് സംഭ്രമജനകമായ റിപ്പോർട്ടുകൾ വായനക്കാരിലേക്കെത്തിച്ച പുലിറ്റ്സർ പ്രൈസ് ജേതാവ് പീറ്റർ ആർനെറ്റ് (91) അന്തരിച്ചു. വിയറ്റ്നാം യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും ഇദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിക്കുവേണ്ടിയാണ് അദ്ദേഹം വിയറ്റ്നാം യുദ്ധം റിപ്പോർട്ട് ചെയ്തത്.
1962 മുതൽ വിയറ്റ്നാം യുദ്ധം അവസാനിച്ച 1975 വരെ അദ്ദേഹം യുദ്ധമുഖത്തുനിന്ന് റിപ്പോർട്ടുകൾ അയച്ചു. അമേരിക്കൻ സൈനികർക്കൊപ്പം സഞ്ചരിച്ച് യുദ്ധം റിപ്പോർട്ട് ചെയ്യവേ സംഘത്തലവൻ ലഫ്. കേണൽ ജോർജ് എയ്സ്റ്റർ കൺമുന്നിൽ വെടിയേറ്റ് മരിക്കുന്നതിനും അദ്ദേഹം ദൃക്സാക്ഷിയായി. ഗൾഫ് യുദ്ധവേളയിൽ ഇറാഖിൽനിന്ന് സി.എൻ.എന്നിനുവേണ്ടി ചെയ്ത തൽസമയ റിപ്പോർട്ടുകൾ അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. യു.എസ് സേനയുടെ നേതൃത്വത്തിൽ ആക്രമണം ആരംഭിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് പാശ്ചാത്യ റിപ്പോർട്ടർമാർ ബഗ്ദാദിൽനിന്ന് മടങ്ങിയിരുന്നു.
എന്നാൽ, പീറ്റർ ആർനെറ്റ് അവിടെത്തന്നെ തുടർന്ന് റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 1934 നവംബർ 13ന് ന്യൂസിലൻഡിലെ റിവർട്ടണിലാണ് ജനനം. പ്രാദേശിക പത്രമായ സൗത്ത്‍ലാൻഡ് ടൈംസിലാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. എൽസ ആർനെറ്റ്, ആൻഡ്ര്യൂ ആർനെറ്റ് എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

