പൊതുദർശനം ബുധനാഴ്ച; ഭൗതികദേഹം നാളെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും
text_fieldsവത്തിക്കാൻ സിറ്റി: മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി ബുധനാഴ്ച സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തിക്കും. വിശ്വാസികൾക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ നാളെ കർദ്ദിനാൾമാരുടെ യോഗം ചേരും.
തനിക്ക് അന്ത്യവിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിലായിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ മരണപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
മുൻ മാർപാപ്പമാരിൽ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. ഇതിൽ നിന്ന് വ്യത്യസ്തമായാണ് തനിക്ക് അന്ത്യവിശ്രമം റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ ആയിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കിയിരിക്കുന്നത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ആചാരങ്ങളുടെ ഭാഗമായി പോപ്പിന്റെ വസതി അടച്ച് സീൽചെയ്തു. വത്തിക്കാൻ്റെ ഔദ്യോഗിക വെബ്സൈറ്റിൻ്റെ ഹോംപേജിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പേരും ചിത്രവും മാറ്റിയിട്ടുണ്ട്. സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്ന അർഥത്തിലുള്ള ‘അപ്പോസ്തോലിക്ക സെഡ്സ് വേക്കൻറ്’ എന്നാണ് ഇപ്പോൾ ഹോം പേജിൽ കുറിച്ചിരിക്കുന്നത്.
ലോകത്തെ വിവിധ രാജ്യങ്ങളാണ് മാർപാപ്പയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകി. ഔദ്യോഗിക ദുഃഖാചരണത്തിൻ്റെ ഭാഗമായി ചൊവ്വാഴ്ചയും ബുധനാഴ്ചയും ദേശീയ പതാക താഴ്ത്തി കെട്ടണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് ഔദ്യോഗിക പരിപാടികളും മാറ്റിവെക്കണമെന്നും കേന്ദ്ര സർക്കാർ അറിയിപ്പിലുണ്ട്. മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ ഇന്നലെ അണച്ചിരുന്നു. അമേരിക്കയിൽ വൈറ്റ് ഹൗസിൽ ഉൾപ്പെടെ ദേശീയ പതാകകൾ ദു:ഖാചണത്തിൻ്റെ ഭാഗമായി പകുതി താഴ്ത്തിക്കെട്ടാൻ ട്രംപ് ഉത്തരവിട്ടു.ചഅർജൻ്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണവുമായി പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീലിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

