കാനഡയിലെയും യു.എസിലെയും വിമാനത്താവളങ്ങളിൽ പൊതു അറിയിപ്പ് സംവിധാനങ്ങൾ ഹാക്ക് ചെയ്തു; സ്ക്രീനിൽ ട്രംപ്- ഇസ്രായേൽ വിരുദ്ധ മുദ്രാവാക്യങ്ങൾ
text_fieldsവാഷിങ്ടൺ: കാനഡയിലെയും യു.എസിലെയും നാല് വിമാനത്താവളങ്ങളിലെ പൊതു അറിയിപ്പ് സംവിധാനങ്ങൾ (പി.എ സിസ്റ്റം) കുറഞ്ഞ സമയത്തേക്ക് ഹാക്കർമാർ കൈയടക്കി. അതിൽ മൂന്നെണ്ണം കാനഡയിലും ഒരെണ്ണം യു.എസിലുമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഹാക്കർമാർ അതുവഴി പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രായേലിനെയും വിമർശിക്കുകയും ഹമാസിനെ പ്രശംസിക്കുകയും ചെയ്യുന്ന സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്തതായും റിപ്പോർട്ടുണ്ട്.
കനഡയിലെ കെലോണ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരസ്യ സ്ട്രീമിങ് സേവനം പരിമിതപ്പെടുത്തുകയും അനധികൃത ഉള്ളടക്കം പങ്കിടുകയും ചെയ്തുവെന്ന് കെലോണ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പറഞ്ഞു. മറ്റ് ഏജൻസികളുമായി ചേർന്ന് ഹാക്കിങ് അന്വേഷിക്കുന്നുണ്ടെന്നറിയിച്ച അധികൃതർ കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.
കാനഡയിലെ തന്നെ വിക്ടോറിയ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പി.എ സിസ്റ്റത്തിലൂടെ ഹാക്കർമാർ വിദേശ ഭാഷയിലും സംഗീതമായും സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്തതായി വിമാനത്താവള വക്താവ് പറഞ്ഞു. മൂന്നാംകക്ഷി സോഫ്റ്റ്‌വെയർ ലംഘിച്ചാണ് പി.എ സിസ്റ്റത്തിലേക്ക് ഹാക്കർമാർ പ്രവേശിച്ചത്. നിയന്ത്രണം വീണ്ടെടുക്കാൻ വിമാനത്താവളം ഒരു ആഭ്യന്തര സംവിധാനത്തിലേക്ക് മാറിയെന്ന് വക്താവ് പറഞ്ഞു.
യു.എസിലെ പെൻസിൽവാനിയയിലെ ഹാരിസ്ബർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പി.എ സിസ്റ്റത്തിന്റെ നിയന്ത്രണം ഹാക്കർമാർ സമാനമായി ഏറ്റെടുത്തതായി യു.എസ് ഗതാഗത സെക്രട്ടറി സീൻ ഡഫി സമൂഹ മാധ്യമ പോസ്റ്റിൽ പങ്കുവെച്ചു. യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും വിമാനത്താവള ഉദ്യോഗസ്ഥരും ലംഘനത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഒന്റാറിയോയിലെ വിൻഡ്‌സർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്‌പ്ലേ സ്‌ക്രീനുകളിലും പൊതു അറിയിപ്പ് സംവിധാനത്തിലും ഹാക്കർമാർ അതിക്രമിച്ചു കയറി അനധികൃത ചിത്രങ്ങളും അറിയിപ്പുകളും പ്രദർശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളം ഉപയോഗിക്കുന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയറാണ് ഹാക്കിങ്ങിനിരയായത്. താമസിയാതെ തങ്ങളുടെ സംവിധാനങ്ങൾ സാധാരണ നിലയിലായെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

