സോനം വാങ്ചുക്കിന് ഐക്യദാർഢ്യം: ന്യൂയോർക്ക്, ലണ്ടൻ നഗരങ്ങളിൽ റാലി
text_fieldsന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പരിസ്ഥിതിപ്രവർത്തക സോണം വാങ്ചുക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ന്യൂയോർക്കിലും സാൻ ജോസിലും റാലി. യു.എസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകരാണ് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയത്.
'ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്' എന്ന സംഘടനയുടെ ആക്ടിവിസ്റ്റുകൾ തിങ്കളാഴ്ച വൈകീട്ട് ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമക്കരികിലും സാൻ ജോസിലും ഒത്തുകൂടുകയും വാങ്ചുക്കിനെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഏന്തുകയും ചെയ്തു. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ആക്ടിവിസ്റ്റുകൾ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തു.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തും ഡബ്ലിനിലെ ഇന്ത്യൻ എംബസിക്ക് പുറത്തും സമാനമായ ഐക്യദാർഢ്യ പ്രകടനങ്ങൾ നടന്നതായി 'ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്' ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
"ന്യൂയോർക്കിലായാലും ലണ്ടനിലായാലും സാൻ ജോസിലായാലും ഡബ്ലിനിലായാലും ഞങ്ങളുടെ പ്രതിഷേധങ്ങൾ വ്യക്തമായ സന്ദേശമാണ് നൽകിയത്. ഇന്ത്യയിലെ വിദ്യാർഥികൾ നീതിയോടെയും അന്തസ്സോടെയും പരിഗണിക്കപ്പെടാൻ അർഹരാണ്." - ഗ്രൂപ്പ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ത്യയിലെ യുവജനങ്ങൾക്ക് സത്യസന്ധമായ ഉത്തരം ലഭിക്കണം. വിശ്വാസയോഗ്യമായ ഒരു ഭാവി അവർക്ക് ലഭിക്കണം. ഇന്ത്യ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട സമയമാണിതെന്നും സംഘടന കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ വാങ്ചുക്കുമായും പ്രതിഷേധക്കാരുമായും ചർച്ച നടത്താൻ തയ്യാറാവണമെന്നും ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.
ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച സമരത്തിന്റെ ഭാഗമായി നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ജൂൺ 20 നാണ് സി.ജെ.പി ജന്തർ മന്തറിൽ സമരം ആരംഭിച്ചത്. ജൂലൈ 20 ന് സംഘടിപ്പിച്ച 'ചലോ സൻസദ്' മാർച്ചിനെതിരെ പൊലീസ് അടിച്ചമർത്തൽ നടപടി സ്വീകരിച്ചത് രാജ്യത്ത് പുതിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് തന്നെ വഴിവെച്ചിരിക്കുകയാണ്.
ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. ഇന്ന് പാർലമെന്റിലും പ്രതിഷേധം തുടരുകയും, സി.ജെ.പി പ്രതിഷേധത്തിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ രാഹുൽ ഗാന്ധി പ്രതിഷേധിക്കുകയും ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട രാഹുൽ ഗാന്ധി, വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യുവതയോട് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

