പ്രതിഷേധങ്ങൾ പൂർണ നിയന്ത്രണത്തിലായെന്ന് ഇറാൻ വിദേശകാര്യ മന്ത്രി
text_fieldsതെഹ്റാൻ: രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾ പൂർണ നിയന്ത്രണത്തിലായെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാൽ, ഇതിന് ബലം പകരുന്ന തെളിവുകൾ ഒന്നും അദ്ദേഹം നൽകിയില്ല. അക്രമ സംഭവങ്ങൾ കുറക്കുന്നതിനായി അധികൃതർ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു.
സൈനിക ഇടപെടലിന് വഴിയൊരുക്കുന്നതിനായി പാശ്ചാത്യ ശക്തികൾ സമാധാനപരമായ പ്രതിഷേധങ്ങളെ അക്രമവും രക്തരൂക്ഷിതവുമായ രൂപത്തിലാക്കിയതായി വിദേശകാര്യ മന്ത്രി ആരോപിച്ചു. പ്രതിഷേധ പ്രസ്ഥാനത്തിൽ ദൈനംദിന ഇറാനികളുടെ വലിയ തോതിലുള്ള ജനപങ്കാളിത്തം പ്രകടമായിരുന്നിട്ടും ഇസ്രായേലും യു.എസും പ്രതിഷേധങ്ങളെ പിന്തുണക്കുകയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
അതിനിടെ, ഇറാൻ പ്രസിഡന്റ് ‘ദേശീയ പ്രതിരോധ മാർച്ചി’ന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് ഭരണകൂടത്തിന് പിന്തുണ അറിയിച്ച് പതിനായിരങ്ങൾ അണിനിരന്ന സർക്കാർ അനുകൂല പ്രകടനക്കാരുടെ ദൃശ്യങ്ങൾ തിങ്കളാഴ്ച ഇറാനിയൻ സ്റ്റേറ്റ് ടി.വി സംപ്രേഷണം ചെയ്തു. ജനക്കൂട്ടം ‘അമേരിക്കക്കക്ക് മരണം!’ എന്ന് മുദ്രാവാക്യം വിളിക്കുകയും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ അണിനിരക്കുകയും ചെയ്തു.
ഇറാൻ ചർച്ചകൾ നിദേശിച്ചതായി അരാഗ്ചിയുടെ പ്രസ്താവനക്ക് മണിക്കൂറുകൾക്ക് മുമ്പ് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാൻ ഭരണകൂടത്തിനെതിരെ ‘ശക്തമായ’ സൈനിക നടപടി പരിഗണിച്ചതായും ട്രംപ് പറഞ്ഞു. ‘ഇറാൻ ചർച്ചകൾക്ക് ആവശ്യപ്പെട്ടെങ്കിലും, യോഗത്തിന് മുമ്പ് എന്താണ് സംഭവിക്കുന്നതെന്ന് കണക്കിലെടുത്ത് നമുക്ക് നടപടിയെടുക്കേണ്ടി വന്നേക്കാം’ എന്നായിരുന്നു ട്രംപ് പറഞ്ഞത്. തങ്ങളിത് വളരെ ഗൗരവമായി കാണുന്നുണ്ടെന്നും പ്രതിഷേധക്കാർക്കെതിരായ സർക്കാറിന്റെ അടിച്ചമർത്തലിന്റെ തീവ്രതയെ പരാമർശിച്ചുകൊണ്ട് യു.എസ് പ്രസിഡന്റ് പറഞ്ഞു.
എന്നാൽ, അമേരിക്കയുമായി ചർച്ചകൾക്ക് ചാനലുകൾ തുറന്നിട്ടുണ്ടെങ്കിലും അവ ‘പരസ്പര താൽപര്യങ്ങളുടെയും ആശങ്കകളുടെയും’ അടിസ്ഥാനത്തിലായിരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു.
സർക്കാർ പ്രതിഷേധക്കാരെ കൊന്നാൽ ഇറാനിൽ ഇടപെടുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. ദേശീയ കറൻസിയുടെ പെട്ടെന്നുള്ള മൂല്യത്തകർച്ചക്കെതിരെ പ്രതിഷേധിക്കാൻ തെഹ്‌റാനിലെ വ്യാപാരികൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. തുടർന്ന് ഇറാനിയൻ ഭരണകൂടത്തിന്റെ പതനത്തിനായി പ്രതിഷേധക്കാർ ആഹ്വാനം ചെയ്യുന്ന രാജ്യവ്യാപക പ്രകടനങ്ങളായി അവ വ്യാപിച്ചു. പ്രതിഷേധക്കാർക്ക് യു.എസും ഇസ്രായേലും പിന്തുണ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ഇത് അധികാരികളുടെ ശക്തമായ പ്രതികരണത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

