ഇറാനിൽ പ്രക്ഷോഭം തുടരുന്നു: മരണം 45
text_fieldsതെഹ്റാൻ: രാജ്യത്ത് പ്രക്ഷോഭം തുടരുന്നതിനിടെ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ.
ലോകത്തിലെ അഹങ്കാരികളായ മനുഷ്യർ അവരുടെ അഹങ്കാരത്തിന്റെ ഉച്ചസ്ഥായിയിൽ അട്ടിമറിക്കപ്പെടുമെന്നും ട്രംപും വീഴുമെന്നും അദ്ദേഹം പറഞ്ഞു. ‘സ്വന്തം രാജ്യത്തിന്റെ സമാധാനം തകർക്കാൻ’ പടിഞ്ഞാറൻ ശക്തികൾക്ക് വേണ്ടി പ്രതിഷേധക്കാർ രാജ്യത്ത് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം യു.എസിനും പ്രതിഷേധക്കാർക്കുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്. പ്രതിഷേധക്കാരെ ‘നശീകരണക്കാർ’ എന്നും ‘അട്ടിമറിക്കാർ’ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും ചൂണ്ടിക്കാട്ടി ജനുവരി മൂന്ന് മുതൽ ഇറാനിൽ പ്രക്ഷോഭം ശക്തമാണ്. പ്രതിഷേധങ്ങളോടുള്ള ഇറാൻ നേതാവിന്റെ ആദ്യ പ്രതികരണമാണിത്. വിദേശികളുടെ കൂലിപ്പട്ടാളക്കാരായി പ്രവർത്തിക്കുന്ന ആളുകളെ സഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡോണൾഡ് ട്രംപിന്റെ കൈകളിൽ ഇറാനികളുടെ രക്തം പുരണ്ടിരിക്കുന്നുവെന്നും അഹങ്കാരിയായ യു.എസ് നേതാവിനെ 1979ലെ വിപ്ലവം വരെ ഇറാനെ ഭരിച്ച സാമ്രാജ്യത്വ രാജവംശത്തെ പോലെ മറികടക്കുമെന്നും ഖാംനഇൗ മുന്നറിയിപ്പു നൽകി. അതിനിടെ, കഴിഞ്ഞദിവസവും ഇറാനിലെ തെരുവുകളിൽ പ്രക്ഷോഭകർ നിറഞ്ഞു.
സംഘർഷത്തിൽ മരണം 45 ആയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, യു.എസ് പ്രസിഡന്റ് ട്രംപും തന്റെ മുന്നറിയിപ്പ് ആവർത്തിച്ചിട്ടുണ്ട്. പട്ടാളം പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നുവെന്ന് അദ്ദേഹം ഒരു ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

