പ്രസിഡന്റിന്റെ വസതിയിലെ പൂളിൽ കുളിച്ച് ശ്രീലങ്കൻ പ്രതിഷേധക്കാർ
text_fieldsകൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ശ്രീലങ്കയിൽ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ റാലി നടത്തിയ ജനങ്ങൾ അരിശം തീർക്കാൻ വസതിയിലെ പൂളിൽ ചാടിക്കുളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജി ആവശ്യപ്പെട്ടാണ് ജനങ്ങൾ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചു കയറിയത്. പൊലീസ് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
എന്നാൽ, പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രി തന്നെ രാജപക്സ ഔദ്യോഗിക വസതിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ വിവരം കൂടി അറിഞ്ഞതോടെയാണ് അരിശം തീരാത്ത പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലെ കുളത്തിലേക്ക് ചാടിക്കുളിച്ചത്. കുളത്തിനു ചുറ്റും പ്രതിഷേധക്കാർ ശ്രീലങ്കൻ പതാക വീശി നിലയുറപ്പിച്ചിരുന്നു.
അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു ചേർത്തിട്ടുണ്ട്. സ്പീക്കറോട് പാർലമെന്റ് വിളിച്ചുചേർക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

