പ്രമുഖ പാക് പണ്ഡിതൻ മുഫ്തി ഷാ മിർ വെടിയേറ്റു മരിച്ചു
text_fieldsഇസ്‍ലാമാബാദ്: പാകിസ്താനിലെ പ്രമുഖ പണ്ഡിതൻ മുഫ്തി ഷാ മിർ അജ്ഞാതരായ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. ബലൂചിസ്താൻ പ്രവിശ്യയിലെ കെച്ച് ജില്ലയിലുള്ള തർബത്ത് പട്ടണത്തിൽ വെള്ളിയാഴ്ച രാത്രി പ്രാർഥനക്കുശേഷം പള്ളിയിൽനിന്ന് തിരിച്ചുവരുമ്പോഴാണ് വെടിയേറ്റത്.
മോട്ടോർ സൈക്കിളുകളിൽ എത്തിയ ആയുധധാരികൾ മുഫ്തിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുഫ്തിയെ തർബത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. നിരവധി തവണ വെടിയേറ്റ പരിക്കുകളാണ് മരണ കാരണം.
മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനെ ഇറാനിൽനിന്ന് തട്ടിക്കൊണ്ടുപോകാൻ പാകിസ്താൻ ചാര ഏജൻസിയായ ഐ.എസ്.ഐയെ സഹായിച്ചതായി മുഫ്തിക്കെതിരെ ആരോപണമുയർന്നിരുന്നു. രാഷ്ട്രീയപാർട്ടിയായ ജാമിയത്ത് ഉലമാഉൽ ഇസ്‍ലാം-എഫിൽ (ജെ.യു.ഐ-എഫ്) അംഗമായിരുന്ന മുഫ്തി, നേരത്തേ രണ്ടുതവണ വധശ്രമത്തിൽനിന്ന് രക്ഷപ്പെട്ടിരുന്നു.
ഐ.എസ്.ഐയുമായി അടുത്ത ബന്ധം പുലർത്തുകയും പാകിസ്താനിലെ ഭീകര ക്യാമ്പുകൾ പലപ്പോഴും സന്ദർശിക്കുകയും തീവ്രവാദികളെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറാൻ സഹായിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖുസ്ദറിൽ ജെ.യു.ഐ-എഫിന്റെ രണ്ട് നേതാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കുശേഷമാണ് ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

