സ്ലോവാക്യയിൽ റഷ്യൻ അനുകൂല പാർട്ടി അധികാരത്തിലേക്ക്
text_fieldsറോബർട്ട് ഫികോ
ബ്രാറ്റിസ്ലാവ: സ്ലോവാക്യയിൽ റഷ്യയെ പിന്തുണക്കുന്ന പോപുലിസ്റ്റ് പാർട്ടി അധികാരത്തിലേക്ക്. ശനിയാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ പോപുലിസ്റ്റ് പാർട്ടിക്ക് സർക്കാർ രൂപവത്കരിക്കാൻ കഴിയും. മുൻ പ്രധാനമന്ത്രിയായ ഇടതുനേതാവ് റോബർട്ട് ഫികോ അധികാരമേൽക്കുന്നതോടെ രാജ്യത്തിന്റെ വിദേശനയത്തിൽ കാതലായ മാറ്റമുണ്ടാകും. യുക്രെയ്ന് സൈനിക സഹായം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെടുന്നയാളും യൂറോപ്യൻ യൂനിയനെയും നാറ്റോയെയും വിമർശിക്കുന്നയാളുമാണ് ഫികോ. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന സ്ലോവാക്യ അവർക്ക് ഏറ്റവും കൂടുതൽ സഹായം നൽകിവന്ന രാജ്യവുമായിരുന്നു.
റഷ്യൻ അധിനിവേശം ആരംഭിച്ചത് മുതൽ ആയുധ സഹായം നൽകിയും അഭയാർഥികൾക്കായി അതിർത്തി തുറന്നും യുക്രെയ്ന് ഉറച്ചപിന്തുണ നൽകിവന്ന രാജ്യത്താണ് അധികാരമാറ്റം വഴിത്തിരിവാകുന്നത്. കടുത്ത റഷ്യൻ അനുകൂല നിലപാടുള്ള തീവ്ര ദേശീയ കക്ഷിയായ സ്ലോവാക്യ നാഷനൽ പാർട്ടിയുടെ പിന്തുണയോടെയാകും ഭരണമെന്നത് ഇതിന് ആക്കം കൂട്ടും. 59കാരനായ ഫികോ 2012 -18 കാലയളവിൽ പ്രധാനമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

