അർബുദബാധിതയാണെന്ന് വെളിപ്പെടുത്തി വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽടൺ
text_fieldsലണ്ടൻ: അർബുദബാധിതയാണെന്നും ചികിത്സ തുടരുകയാണെന്നും വെളിപ്പെടുത്തി കിരീടാവകാശിയായ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡിൽട്ടൺ. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഇൻസ്റ്റഗ്രാം വിഡിയോ വഴിയാണ് കേറ്റ് മനസു തുറന്നത്. കേറ്റിനെ മാസങ്ങളായി പൊതുയിടങ്ങളിൽ കാണാത്തതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളുയർന്നിരുന്നു. ഭർത്താവിന് മറ്റൊരു പ്രണയബന്ധമുള്ളതിനാൽ മനസു തകർന്നാണ് കേറ്റ് പുറത്തിറങ്ങാത്തതെന്നും അതല്ല, ഗുരുതര രോഗം ബാധിച്ച് തളർന്നുകിടക്കുകയാണെന്നുംവരെ പ്രചാരണങ്ങളുണ്ടായി.
ജനുവരിയിൽ കേറ്റിന് വയറ്റിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ പരിശോധന വേളയിലാണ് അർബുദം കണ്ടെത്തുന്നത്. അർബുദത്തിനെതിരെ കീമോതെറാപ്പി നടത്തുകയാണെന്നും കേറ്റ് പറഞ്ഞു.
അർബുദം സ്ഥിരീകരിച്ചത് കുടുംബത്തിന് വലിയ ആഘാതമായിരുന്നു. കുടുംബം വലിയ പിന്തുണ തന്നു. പ്രത്യേകിച്ച് ഭർത്താവ് വില്യം രാജകുമാരൻ. പൂർണ സുഖം പ്രാപിക്കുമെന്ന് മക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഏറ്റവും പ്രധാനം. താൻ സുഖമായിരിക്കുന്നുവെന്നും ഓരോ ദിവസവും കൂടുതൽ ശക്തയായിക്കൊണ്ടിരിക്കുകയാണെന്നും മക്കളോട് പറഞ്ഞുകൊണ്ടിരുന്നു. ചികിത്സ പൂർത്തിയാക്കാൻ കൂടുതൽ സമയവും സ്വകാര്യതയും ആവശ്യമാണ്. വൈകാതെ ജോലിയിലേക്ക് മടങ്ങി വരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കേറ്റ് മിഡിൽട്ടൺ പറഞ്ഞു.

