എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചില്ല; ഹാരി രാജകുമാരൻ രാജഭരണത്തെ അപമാനിച്ചെന്ന് ആരോപണം
text_fieldsലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് കണ്ണീരോടെ ബ്രിട്ടൻ വിടചൊല്ലിയിരിക്കുകയാണ്. ഫിലിപ്പ് രാജകുമാരനൊപ്പം കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് രാജ്ഞിയുടെ അന്ത്യവിശ്രമം. തിങ്കളാഴ്ച നടന്ന സംസ്കാര ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തിരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ആളുകൾ ചടങ്ങ് സ്ക്രീനുകളിലൂടെ കണ്ടു. എന്നാൽ ചടങ്ങിനിടെ ഹാരി രാജകുമാരൻ രാജ ഭരണത്തിനോട് അനാദരവ് കാട്ടി എന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ച് ഭരിക്കുന്ന രാജാവ് മാത്രമേ ചടങ്ങിൽ രാജ ഗീതം ആലാപിക്കാതിരിക്കൂ. എന്നാൽ ചടങ്ങിനിടെ ഹാരി ദേശീയ ഗാനമായ 'ഗോഡ് സേവ് ദി കിംഗ്' ആലപിച്ചില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. ആരോപണം സാധൂകരിക്കുന്നതിനായി ഒരുമിനിറ്റ് നീണ്ടു നിൽക്കുന്ന വിഡിയയോയും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
വിഡിയോ വൈറലായതോടെ ഹാരിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാവുകയാണ്. ഹാരി രാജകുമാൻ രാജ ഭരണത്തെ അപമാനിച്ചെന്നും അദ്ദേഹത്തിന്‍റെ എല്ലാ രാജകീയ പദവികളും പിൻവലിക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു.
അതേസമയം ഹാരിയെ പിന്തുണച്ചും നിരവധിപേർ രംഗത്തെത്തി. വിഡിയോയുടെ ഒരു ചെറിയ ഭാഗമാണ് പ്രചരിപ്പിക്കുന്നതെന്നും സൂക്ഷിച്ച് നോക്കിയാൽ അദ്ദേഹം ഗാനം ആലപിക്കുന്നത് കാണാമെന്നും ചിലർ പ്രതികരിച്ചു.
96 വയസുള്ള എലിസബത്ത് രാജ്ഞി സെപ്റ്റംബർ എട്ടിന് ബൽമോറൽ കാസിലാണ് അന്തരിച്ചത്. ബ്രിട്ടനിൽ ഏറ്റവും കൂടുതൽ അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകനാണ് ഹാരി രാജകുമാരൻ. ഭാര്യ മേഗൻ മർക്കിലിനൊപ്പമായിരുന്നു ഹാരി ചടങ്ങിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

