ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേര് എടുത്തുകളഞ്ഞു; കൊട്ടാര വസതിയിൽ നിന്നും പുറത്താക്കി
text_fieldsലണ്ടൻ: ബ്രിട്ടനിലെ രാജാവ് ചാൾസ് തന്റെ ഇളയ സഹോദരൻ ആൻഡ്രൂവിനെ ‘രാജകുമാരൻ’ എന്ന പദവിയിൽ നിന്ന് നീക്കം ചെയ്യുകയും വിൻഡ്‌സർ കാസിലിലെ വസതിയിൽ നിന്ന് പുറത്താക്കുകയും ചെയ്തതായി ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ജയിലിൽ വെച്ച് മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിലുള്ള ശിക്ഷയാണിതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് ആന്‍ഡ്രൂവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ തീരുമാനമെടുത്തത്.
ചാൾസിന്റെ ഇളയ സഹോദരനും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ (65), എപ്‌സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ കടുത്ത വിമർശനം നേരിട്ടിരുന്നു. ഇതിന്റെ പേരിൽ ഈ മാസം ആദ്യം ഡ്യൂക്ക് ഓഫ് യോർക്ക് എന്ന പദവി ഉപേക്ഷിക്കാൻ അദ്ദേഹം നിർബന്ധിതനായി. ആൻഡ്രൂവിനെതിരെ ചാൾസ് തന്റെ സ്ഥാനപ്പേരുകൾ എടുത്തുകളഞ്ഞുകൊണ്ട് നടപടികൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ഇതോടെ അദ്ദേഹം ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.
കൗമാരപ്രായത്തില്‍ ആന്‍ഡ്രൂ രാജുമാരൻ പീഡനത്തിനിരയാക്കിയെന്ന യു.എസ്-ആസ്‌ട്രേലിയന്‍ അഭിഭാഷക വിര്‍ജീനിയ ഗിയുഫ്രെയുടെ വെളിപ്പെടുത്തലാണ് ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രൂവിന്റെ ബന്ധം തെളിയിച്ചത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കായി കടത്തിയ കേസില്‍ രണ്ടുതവണ ജയില്‍ശിക്ഷ അനുഭവിച്ചയാളാണ് ജെഫ്രി എപ്സ്റ്റീന്‍.
ഈ വര്‍ഷം ഫെബ്രുവരിയില്‍ ആസ്‌ട്രേലിയയില്‍ വെച്ച് വിര്‍ജീനിയ ആത്മഹത്യ ചെയ്തു. പിന്നാലെ ഇവരുടെ ഓര്‍മക്കുറിപ്പായ ‘നോബഡീസ് ഗേള്‍’ പുറത്തെത്തുകയും ആന്‍ഡ്രൂ രാജകുമാരനും ജെഫ്രി എപ്സ്റ്റീനും എതിരായ ഗുരുതര ആരോപണങ്ങള്‍ പുറംലോകമറിയുകയുമായിരുന്നു. തന്നെ നിരവധി തവണ ആന്‍ഡ്രൂ പീഡനത്തിനിരയാക്കിയെന്ന് വിര്‍ജീനിയ മരണാനന്തര ഓര്‍മക്കുറിപ്പില്‍ വെളിപ്പെടുത്തി. കുട്ടിയായിരിക്കെ തട്ടിക്കൊണ്ടുപോകലിനും ലൈംഗിക പീഡനത്തിനും ഇരയായെന്ന വിര്‍ജീനിയയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു.
എപ്സ്റ്റീനുമായുള്ള ബന്ധം നിഷേധിച്ചെങ്കിലും ആന്‍ഡ്രൂ ഈ മാസമാദ്യം ‘ഡ്യൂക്ക് ഓഫ് യോര്‍ക്ക്’ ഉള്‍പ്പെടെയുള്ള രാജകീയ പദവികള്‍ ഉപേക്ഷിച്ചിരുന്നു. ലണ്ടന് പടിഞ്ഞാറുള്ള വിൻഡ്‌സർ എസ്റ്റേറ്റിലുള്ള തന്റെ റോയൽ ലോഡ്ജ് മാൻഷന്റെ പാട്ടക്കരാർ ഉപേക്ഷിക്കാൻ ആൻഡ്രൂവിന് ഔപചാരിക നോട്ടീസ് നൽകിയിട്ടുണ്ടെന്നും കിഴക്കൻ ഇംഗ്ലണ്ടിലെ ഇതര സ്വകാര്യ താമസസ്ഥലത്തേക്ക് അദ്ദേഹം മാറുമെന്നും ബക്കിങ്ഹാം കൊട്ടാരം പ്രസ്താവനയിൽ പറഞ്ഞു.
ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട ഇരകളോടും അതിജീവിച്ചവരോടും അങ്ങേയറ്റത്തെ സഹതാപം ഉണ്ടെന്നും അവരോടൊപ്പം നിൽക്കുന്നുവെന്നും അത് കൂട്ടിച്ചേർത്തു. ചാൾസാണ് തീരുമാനം എടുത്തതെങ്കിലും രാജ സിംഹാസനാവകാശിയായ വില്യം രാജകുമാരൻ ഉൾപ്പെടെയുള്ള വിശാലമായ കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
30 മുറികളുള്ള തന്റെ മാളികയുടെ വാടക രണ്ട് പതിറ്റാണ്ടുകളായി കൊട്ടാരത്തിന് ആൻഡ്രൂ നൽകിയിട്ടില്ലെന്ന് ‘ടൈംസ്’ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് സമീപ ആഴ്ചകളിൽ ബ്രിട്ടീഷ് പത്രങ്ങൾ ആൻഡ്രൂവിന്റെ സാമ്പത്തിക കാര്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നിരുന്നു. ആൻഡ്രൂ ആ വീട്ടിൽ തുടരണമോ എന്ന് ബ്രിട്ടീഷ് പാർലമെന്ററി കമ്മിറ്റിയിലും ചോദ്യം ഉയർന്നു. ഇത് ഒരു അപൂർവ രാഷ്ട്രീയ ഇടപെടലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

