‘യൂറോപ്പിനെ പോലെയല്ല ഇന്ത്യ, അവർ ഞങ്ങളെ കേൾക്കുന്നു,’ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ലെന്ന് റഷ്യ
text_fieldsക്രെംലിൻ: ഇന്ത്യയുമായി വ്യാപാരരംഗത്തെ സഹകരണം വർധിപ്പിക്കുമെന്നും ഇരുവർക്കുമിടയിലുള ഉഭയകക്ഷി ബന്ധത്തിലിടപെടാൻ മറ്റാരെയും അനുവദിക്കില്ലെന്നും റഷ്യ. ഡിസംബർ ആദ്യവാരം ഇന്ത്യയിലെത്തുന്ന റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊഴിൽ കരാറിലും, ഇന്ത്യക്ക് എസ് -400 വ്യോമ പ്രതിരോധ സംവിധാനവും സുഖോയ് -57 യുദ്ധവിമാനങ്ങളും കൈമാറുന്നതും ചർച്ച ചെയ്യുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
‘ഇന്ത്യക്ക് മേൽ താരിഫ് ചുമത്തിയ അമേരിക്കയുടെ നടപടി ആ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ മാത്രം പ്രശ്നമാണ്. ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധവും വ്യാപാരവും എങ്ങനെ വർധിപ്പിക്കാമെന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. അതിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല, അത് തീർച്ചയായും ചർച്ചയാവും,’ ദിമിത്രി പെസ്കോവ് കൂട്ടിച്ചേർത്തു. പുടിന്റെ ഇന്ത്യ സന്ദർശനത്തിന് മുന്നോടിയായി റഷ്യൻ ന്യൂസ് ഏജൻസിയായ സ്പുട്നിക്കിനോട് പ്രതികരിക്കുകയായിരുന്നു പുടിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് കുടിയായ ദിമിത്രി പെസ്കോവ്.
‘ഇന്ത്യക്ക് മേൽ സമ്മർദ്ദമുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഇതൊക്കെ കൊണ്ടുതന്നെ, മൂന്നാംലോക രാജ്യങ്ങളുടെ സ്വാധീനത്തിൽ നിന്ന് മുക്തമായ ഒരു ബന്ധം രൂപകൽപ്പന ചെയ്യുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങൾക്കും ഇടയിൽ ബന്ധം ഊഷ്മളമാകണം. ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന രീതിയിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കപ്പെടണം. ഇരുരാജ്യങ്ങൾക്കും മാത്രം നേട്ടമുണ്ടാകുന്ന വ്യാപാരങ്ങൾ അന്താരാഷ്ട്ര സമ്മർദ്ദങ്ങളിൽ നിന്ന് സുരക്ഷിതമാവണം. ഇന്ത്യ ദേശീയ താത്പര്യങ്ങളെ പ്രതിരോധിക്കുന്നതിൽ എക്കാലവും പരമാധികാരം പുലർത്തുന്ന രാജ്യമാണ്. ആ സവിശേഷതയെ റഷ്യ ആദരവോടെ കാണുന്നു. രാജ്യത്തിന്റെ പരമാധികാരമെന്നത് റഷ്യയെ സംബന്ധിച്ചും ഗൗരവതരമായ വിഷയമാണ്. ദേശീയ താൽപര്യത്തിൽ മറ്റാരും ഇടപെടുന്നത് റഷ്യക്കും അനുവദിക്കാനാവില്ല,’പെസ്കോവ് പറഞഞു.
മൂന്നാം ലോക രാജ്യങ്ങളുടെ സമ്മർദ്ദത്തെ അതിജീവിക്കുക ലക്ഷ്യം
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി കുറച്ചതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ചില കമ്പനികൾ വാങ്ങൽ കുറച്ചപ്പോൾ മറ്റുചില കമ്പനികൾ കുടുതൽ വാങ്ങാനാരംഭിച്ചിട്ടുണ്ടെന്നായിരുന്നു പെസ്കോവിന്റെ മറുപടി. എണ്ണ വ്യാപാര മേഖല മൂന്നാം രാജ്യങ്ങളുടെ സമ്മർദ്ദത്തോട് വ്യക്തവും സങ്കീർണ്ണവുമായ രീതിയിലാണ് പ്രതികരിക്കുക. എണ്ണ വിൽക്കാനുള്ള തങ്ങളുടെ അവകാശത്തിനൊപ്പം റഷ്യൻ എണ്ണ വാങ്ങാനുള്ള ഇതര രാജ്യങ്ങളുടെ സ്വാതന്ത്രവും സംരക്ഷിക്കാനാണ് സാധ്യതകൾ ആരായുന്നതെന്നും പെസ്കോവ് വ്യക്തമാക്കി.
ഡോളറിലുപരി ഇന്ത്യക്കും റഷ്യക്കുമിടയിൽ പണം കൈമാറ്റത്തിന് പുതിയ മാർഗങ്ങൾ ചർച്ചയിൽ അജണ്ടയാവും. രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുന്നതിന് രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന സംവിധാനത്തിന് ബദലായി ഒരു യഥാർത്ഥ ദ്വിരാഷ്ട്ര സംവിധാനമോ ബഹുരാഷ്ട്ര സംവിധാനമോ എങ്ങനെ സൃഷ്ടിക്കാമെന്ന് ഇന്ത്യയും റഷ്യയും ഒരുമിച്ച് ആരാഞ്ഞുവരികയാണെന്നും പെസ്കോവ് പറഞ്ഞു.
റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ ഒന്നിലധികം ഉപരോധങ്ങൾ നിലവിലുണ്ട്. എന്നാൽ, അതെല്ലാം മറികടന്ന് മുന്നോട്ടുപോകാനും കച്ചവടം ചെയ്യുന്ന എണ്ണയുടെ അളവ് കുറയാതിരിക്കാനുമുള്ള വഴിയാണ് കണ്ടെത്താൻ ശ്രമിക്കുന്നത്. വളരെ കുറഞ്ഞ സമയത്തേക്ക് വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായേക്കാം. ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ സമിതി അംഗീകരിക്കുന്നതോടെയാണ് ഉപരോധം നിയമവിധേയമാവുക. ഇതനുസരിച്ച്, റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം നിയമവിരുദ്ധമായ ഉപരോധങ്ങളെ ഫലപ്രദമായ നേരിട്ട് പരിചയമുള്ള രാജ്യമാണ് റഷ്യ.
യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ നിലപാട് അഭിനന്ദനാർഹമാണെന്നും പെസ്കോവ് പറഞ്ഞു. സങ്കീർണ്ണമായ സംഘർഷത്തിൽ സമാധാന ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ച ഇന്ത്യയെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി മോദിയും ഇന്ത്യൻ നയതന്ത്രജ്ഞരും റഷ്യയുടെ നിലപാട് നേരിട്ട് കേൾക്കാൻ സന്നദ്ധരാവുന്നുവെന്നത് സന്തോഷകരമാണ്. യൂറോപ്പുമായി റഷ്യക്ക് ഇത്തരം ബന്ധമില്ല, വിഷയത്തിൽ ആരോടും സംസാരിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ റഷ്യയുടെ നിലപാട് അവർക്ക് മനസിലാക്കാനായിട്ടില്ല. റഷ്യ അഭിമുഖീകരിക്കുന്ന വലിയ പ്രശ്നമാണിത്. എന്നാൽ, ഇന്ത്യ റഷ്യയെ കേൾക്കുന്നു. അവരോട് റഷ്യ സ്വയം വിശദീകരിക്കുന്നു, അത് പരസ്പര ധാരണയാണ്.
ചൈനയുമായി തന്ത്രപരമായ പങ്കാളിത്തം നിലനിർത്തിക്കൊണ്ടുതന്നെ ഇന്ത്യയുമായി ബന്ധം ഊഷ്മളമാക്കാൻ റഷ്യക്ക് താൽപര്യമുണ്ട്. പരസ്പര സഹകരണത്തിൽ ഇന്ത്യ എത്രത്തോളം സന്നദ്ധമാണോ അത്രത്തോളം മുന്നോട്ടുപോകാൻ റഷ്യയും തയ്യാറാണ്. സാധ്യമായ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വികസിപ്പിക്കാൻ റഷ്യ സന്നദ്ധമാണ്.
പ്രതിരോധ മേഖലയിലെ കരാറുകൾക്ക് പുറമെ, ആണവോർജ്ജ മേഖലയിൽ ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്തുന്നതും അജണ്ടയിലുണ്ട്. ചെറുകിട മോഡുലാർ റിയാക്ടറുകളുമായി ബന്ധപ്പെട്ട് അതിനൂതന റഷ്യൻ സാങ്കേതിക വിദ്യ ഇന്ത്യയുമായി പങ്കുവെക്കുന്നതും ചർച്ചയാവുമെന്നും പെസ്കോവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

