പ്രാങ്ക് ക്രൂരമായി: സഹപ്രവർത്തകരുടെ ഉയർന്ന മർദത്തിലുള്ള എയർ ഹോസ് പ്രയോഗത്തിൽ കുടലുകൾ തകർന്ന് 15 കാരന് ദാരുണാന്ത്യം
text_fieldsഇസ്താംബുൾ: 15 കാരന് ക്രൂരമായ മരണം സമ്മാനിച്ച് തുർക്കിയിൽ സഹപ്രവർത്തകരുടെ അക്രമാസക്തമായ പ്രാങ്ക്. ജോലി സ്ഥലത്തുവെച്ച് മലാശയത്തിനുള്ളിൽ ഉയർന്ന മർദമുള്ള എയർ ഹോസ് തിരുകിക്കയറ്റിയതിനെ തുടർന്ന് ഗുരുതരമായ നിലയിൽ അഞ്ചുദിവസം മരണത്തോട് മല്ലിട്ട ആൺകുട്ടി ഒടുവിൽ കീഴടങ്ങി. ഭയാനകമായ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി.
നവംബർ 14 ന് സാൻലിയുർഫയിലെ ബോസോവയിലെ ഒരു മരപ്പണിശാലയിലാണ് സംഭവം നടന്നത്. അവിടെ ഒരു അപ്രന്റീസായി ജോലി ചെയ്യുകയായിരുന്നു ഇരയായ മുഹമ്മദ് കെൻഡിർസി. റിപ്പോർട്ടുകൾ പ്രകാരം, കെൻഡിർസിയെ സഹപ്രവർത്തകനായ ഹബീബ് അക്സോയിയും മറ്റൊരു അജ്ഞാത വ്യക്തിയും ചേർന്ന് ഭീഷണിപ്പെടുത്തി. തമാശയുടെ മറവിൽ കൈകൾ കെട്ടി പാന്റ് ബലമായി ഊരിമാറ്റി.
പിന്നീട് പ്രതി മലാശയത്തിലേക്ക് കംപ്രസ് ചെയ്ത ഉയർന്ന മർദ്ദമുള്ള എയർ ഹോസ് കയറ്റി. അത് ഉടനടി വിനാശകരമായ ആന്തരിക സ്ഫോടനത്തിന് കാരണമായി. ആഘാതം ആൺകുട്ടിയുടെ കുടലിനെയും ഒന്നിലധികം ആന്തരിക അവയവങ്ങളെയും സാരമായി തകർത്തു.
കെൻഡിർസിയെ ബൊസോവ മെഹ്മെത് എൻവർ യിൽഡിരിം സ്റ്റേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും അവസ്ഥ ഗുരുതരമായതിനാൽ രണ്ടുതവണ മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ആൺകുട്ടി അഞ്ച് ദിവസം ജീവനുവേണ്ടി പോരാടി. ഒടുവിൽ നവംബർ 19 ന് മരണമടഞ്ഞു.
പൊലീസ് അന്വേഷണം ആരംഭിക്കുകയും അക്സോയിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാമത്തെ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. അസ്വസ്ഥതയുണ്ടാക്കുന്ന കേസ് വ്യാപകമായ പ്രതിഷേധത്തിനും ജോലി സ്ഥലത്തെ സുരക്ഷ, ബാലവേല ചൂഷണം, പലപ്പോഴും അനിയന്ത്രിതമായി പോകുന്ന അക്രമാസക്തമായ തമാശകളുടെ സംസ്കാരം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.
ഉയർന്ന മർദത്തിലുള്ള എയർ ഹോസ് ദുരന്തങ്ങൾ ഉൾപ്പെടുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്തവരും മുതിർന്നവരും ഉൾപ്പെട്ട നിരവധി സംഭവങ്ങൾ ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

