ബ്രസീലിൽ ശക്തമായ ചുഴലിക്കാറ്റ്: ആറ് മരണം, എഴുന്നൂറോളംപേർക്ക് പരിക്ക്
text_fieldsതെക്കൻ ബ്രസീലിയൻ സംസ്ഥാനമായ പരാനയിൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെടുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രിയായിരുന്നു ചുഴലിക്കാറ്റ് വീശിയടിച്ചത്. രണ്ടുമിനിറ്റിൽ താഴെ മാത്രമാണ് കാറ്റ് വീശിയതെങ്കിലും വൻ നാശനഷ്ടമാണുണ്ടാക്കിയത്.റിയോ ബോണിറ്റോ ഡോ ഇഗ്വാസു നഗരത്തിന്റെ 90 ശതമാനവും നശിപ്പിച്ചതായി ശനിയാഴ്ച പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
14,000 പേർ താമസിക്കുന്ന നഗരമാണിത്. നിരവധി കെട്ടിടങ്ങൾ മേൽക്കൂരകൾ പറന്നുപോയി. ഭൂകമ്പസമാനമായിരുന്നു കാറ്റിന്റെ ശബ്ദമെന്നും നഗരത്തിന്റെ ആകാശ ചിത്രങ്ങൾ ഭയപ്പെടുത്തുന്ന താണെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം നഗരത്തിന്റെ ചില ഭാഗങ്ങൾ പൂർണമായും തകർന്നു.ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന് (COP30) ആതിഥേയത്വം വഹിക്കാൻ ബെലെം ഒരുങ്ങുന്നതിനിടെയാണ് ബ്രസീലിൽ വിനാശകരമായ ചുഴലിക്കാറ്റ് വീശിയത്. കാലാവസ്ഥാ വ്യതിയാനം ഇടയ്ക്കിടെ തീവ്ര ചുഴലിക്കാറ്റുകൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു, കാരണം ഉയർന്ന താപനിലയും വർധിച്ച ഈർപ്പം അന്തരീക്ഷത്തിന്റെ അസ്ഥിരതയും കാറ്റിന്റെ വ്യതിയാനവും വർധിപ്പിക്കും - ഇതാണ് ചുഴലിക്കാറ്റുകൾക്ക് കാരണമാകുന്ന ഘടകങ്ങൾ.
ആരോഗ്യ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ചുഴലിക്കാറ്റിൽ കുറഞ്ഞത് 750 പേർക്ക് പരിക്കേറ്റു, അവരിൽ 10 പേർക്ക് ശസ്ത്രക്രിയ നടത്തി, ഒമ്പത് പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ അഞ്ച് പേർ റിയോ ബോണിറ്റോ ഡോ ഇഗ്വാസുവിൽ നിന്നുള്ളവരാണെന്നും മറ്റൊരാൾ അടുത്തുള്ള നഗരമായ ഗ്വാരാപുവാവിൽ നിന്നുള്ളയാളാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഒരാളെ കാണാതായതായും റിപ്പോർട്ടുണ്ട്.തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ സമൂഹമാധ്യമങ്ങളിലൂടെ ദുരന്തബാധിതർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രദേശത്തേക്ക് അടിയന്തര സഹായം അയച്ചതായും ഭക്ഷണം, ശുചിത്വ ഉൽപന്നങ്ങൾ, മെത്തകൾ, മറ്റ് സാധനങ്ങൾ എന്നിവ നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

