വെനിസ്വേലക്ക് പിന്നാലെ ജപ്പാനിലും ശക്തമായ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
text_fieldsടോക്കിയോ: ജപ്പാന്റെ പ്രധാന ദ്വീപായ ഹോൻഷുവിന്റെ കിഴക്കൻ തീരത്തിന് സമീപം ശക്തമായ ഭൂചലനം രേഖപ്പെടുത്തി. 7.2 ആണ് ഭൂചലനത്തിന്റെ തീവ്രത. ബുധനാഴ്ച രാവിലെ 7.30നാണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാറ്റെ തീരത്തിന് സമീപമുള്ള സമുദ്ര മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ തലസ്ഥാനമായ ടോക്കിയോ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുകയായിരുന്നു. എന്നാൽ ഭൂചലനത്തെ തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് ജപ്പാന്റെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ പരിശോധനകൾക്കായി ചില റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ഭൂചലനത്തിന്റെ തീവ്രത 6.9 ആണെന്ന് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് ജപ്പാൻ കാലാവസ്ഥാ ഏജൻസി 7.2 ആയി പുതുക്കുകയായിരുന്നു. പസഫിക് റിങ് ഓഫ് ഫയർ മേഖലയിലുള്ളതിനാൽ ലോകത്ത് ഏറ്റവും കൂടുതൽ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. അതിനാൽ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
അതേസമയം, വെനിസ്വേലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ തലസ്ഥാനമായ കറാക്കസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ പതിനായിരം മുതൽ ഒരു ലക്ഷം വരെ ഉയരാൻ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകി. റിക്ടർ സ്കെയിലിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളെത്തുടർന്ന് കരീബിയൻ മേഖലയിലെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സ്ഥിതി അതീവ ഗുരുതരമായതിനെത്തുടർന്ന് വെനിസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകിട്ടാണ് ഭൂചലനങ്ങൾ ഉണ്ടായത്. മോറോൺ തീരദേശത്തിന് പടിഞ്ഞാറ് മോൺടാൽബാനിന് സമീപമായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. തൊട്ടുപിന്നാലെ 7.5 തീവ്രതയുള്ള രണ്ടാമത്തെ വലിയ ഭൂചലനം കൂടി ഉണ്ടാവുകയായിരുന്നു. കറാക്കസ്, മിറാൻഡ, ട്രൂജില്ലോ, കരാബോബോ, ലാ ഗുവായറ എന്നീ സംസ്ഥാനങ്ങളിലാണ് ഭൂചലനം ശക്തമായി അനുഭവപ്പെട്ടത്. രണ്ടാമത്തെ ഭൂചലനം കൂടി ഉണ്ടായതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.
കറാക്കസിലെ അൽതാമിറ മേഖലയിൽ 22 നിലകളുള്ള കെട്ടിടം ഉൾപ്പെടെ തകർന്നുവീണു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ചക്കാവോ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ നിരവധി പേർ മരിച്ചതായി മേയർ ഗുസ്താവോ ഡ്യൂക്ക് സായെസ് സ്ഥിരീകരിച്ചു. എന്നാൽ, ഔദ്യോഗിക കണക്കുകൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട അവധി ദിവസമായതിനാൽ മിക്കവരും വീടുകളിലായിരുന്നു. പെട്ടെന്നുണ്ടായ ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. 1812ന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭൂകമ്പ ദുരന്തമാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കറാക്കസിലെ ഹോസ്പിറ്റൽ ഡി ക്ലിനിക്കസിൽ അധിക ജീവനക്കാരെ നിയോഗിച്ചു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണും സീലിങ് പാളികൾ തകർന്നും ആശുപത്രിയുടെ പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വെനിസ്വേലയുടെ പ്രധാന വിമാനത്താവളത്തിലും ലാ ഗുവായറ തീരദേശ നഗരത്തിലും നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് പോകരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്‌ഡാഡോ കബെല്ലോ ജനങ്ങളോട് അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തകർക്ക് എളുപ്പത്തിൽ കടന്നുപോകാൻ റോഡുകളിൽ വാഹനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു.
വെനിസ്വേലക്ക് പുറമെ അരുബ, ബോണെയർ എന്നിവിടങ്ങളിലും സുനാമി ഭീഷണിയുണ്ട്. പ്യൂർട്ടോ റിക്കോ, ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അയൽരാജ്യമായ കൊളംബിയയിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. അടിയന്തര സേവന വിഭാഗങ്ങൾ രക്ഷാപ്രവർത്തനത്തിനായി വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

