അഫ്ഗാനിൽ തീവ്ര ഭൂചലനം: പത്ത് മരണം
text_fieldsകാബൂൾ: വടക്കൻ അഫ്ഗാനിസ്താനിൽ തിങ്കളാഴ്ച അർധരാത്രിയോടെ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 10 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അഞ്ച് ലക്ഷത്തിലധികം പേർ താമസിക്കുന്ന മസർ ഇ ശരീഫ് മേഖലയിൽ ഭൂചലനത്തിൽ വൻ നാശനഷ്ടമാണ്ടായി. ഭൂചലനത്തിന്റെ ആഘാതത്തെ കുറിച്ചും അപകടത്തിൽപെട്ടവരുടെ എണ്ണത്തെ കുറിച്ചും ഔദ്യേഗിക സ്ഥിരീകരണമില്ല.
രാത്രിയിൽ സംഭവിച്ച അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഭൂചലനത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും പുറത്തിറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബാൽഖ്, സമൻഗൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളെയാണ് ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയ സൈനിക രക്ഷാ, അടിയന്തര സഹായ സംഘങ്ങൾ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും ദുരിതബാധിത കുടുംബങ്ങളെ സഹായിക്കാനുമുള്ള ശ്രമങ്ങളും ഊർജിതമായി നടക്കുന്നുണ്ട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഷർഫത്ത് സമാൻ വ്യക്തമാക്കി. പരിക്കേറ്റവരെ പരിചരിക്കുന്നതിനായി ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മരണസംഖ്യയുടെയും നാശനഷ്ടങ്ങളുടെയും കൃത്യമായ റിപ്പോർട്ട് പിന്നീട് അറിയിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.
രണ്ട് മാസം മുമ്പാണ് 2200 ലേറെ പേർ മരണപ്പെട്ട ഭൂചലനം ഉണ്ടായത്. അടുത്തിടെ അഫ്ഗാനിസ്താനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങൾ വർധിക്കുന്നത് ആശങ്ക ഉയർത്തിയിരുന്നു. ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

