യുദ്ധാനന്തര ഗസ്സ: ഭരണം പിടിക്കാൻ ഇസ്രായേൽ
text_fieldsഇസ്രായേൽ ബോംബാക്രമണത്തിൽ ഉറ്റവർ കൊല്ലപ്പെട്ടതറിഞ്ഞ് റഫയിലെ ആശുപത്രിക്ക് മുന്നിൽ അലമുറയിടുന്ന സ്ത്രീ
റഫ: ആക്രമണത്തിന്റെ ശക്തി കുറച്ച് യുദ്ധത്തിന്റെ മൂന്നാംഘട്ടത്തിലേക്ക് കടക്കാനും യുദ്ധാനന്തര ഗസ്സയുടെ ഭരണം പിടിക്കാനും പദ്ധതി തയാറാക്കി ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലന്റ്. തെൽഅവീവിലെത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള ചർച്ചയിൽ ഇക്കാര്യം വിഷയമാകും.
യുദ്ധത്തിൽ ഹമാസിനെ പരാജയപ്പെടുത്തിയാൽ ഇസ്രായേൽ നിയന്ത്രിത ഫലസ്തീൻ അതോറിറ്റിയെ ഭരണം ഏൽപിക്കാനാണ് പദ്ധതി. ഗസ്സയുടെ പുനർനിർമാണത്തിൽ അമേരിക്കയും മറ്റു രാജ്യങ്ങളും പങ്കാളികളാകും. യുദ്ധാനന്തരം ഗസ്സയിൽനിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുമെന്നും കോംഗോ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നുമുള്ള നെതന്യാഹു മന്ത്രിസഭയിലെ രണ്ട് തീവ്ര വലതുപക്ഷാംഗങ്ങളുടെ അഭിപ്രായപ്രകടനം വിവാദമായിരുന്നു. അമേരിക്കയും ജർമനിയും ഫ്രാൻസും ഉൾപ്പെടെ രാജ്യങ്ങൾ ഇതിനെതിരെ രംഗത്തുവരുകയും ചെയ്തു. ആന്റണി ബ്ലിങ്കൻ മിഡിലീസ്റ്റിലെ മറ്റു രാജ്യങ്ങളും സന്ദർശിക്കാനിരിക്കെ ഗസ്സയിൽനിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരെ കൂടുതൽ എതിർപ്പുയരുമെന്നാണ് കരുതുന്നത്.
ഗസ്സയിലെ ആക്രമണത്തിന് മൂന്നുമാസം തികയാനിരിക്കെ തീവ്രത കുറച്ച് മൂന്നാംഘട്ടത്തിലേക്ക് കടക്കാനാണ് ഇസ്രായേൽ പദ്ധതി. കൃത്യമായി ഹമാസ് കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ട്, സിവിലിയൻ മരണങ്ങൾ കുറക്കണമെന്ന ആവശ്യം അമേരിക്കയും മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണറിയുന്നത്. എന്നാൽ, ഗാലന്റിന്റെ പദ്ധതിക്ക് ഇസ്രായേൽ മന്ത്രിസഭയുടെയും യുദ്ധ മന്ത്രിസഭയുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. നിരവധി ഹമാസ് കേന്ദ്രങ്ങളുടെ നിയന്ത്രണംപിടിച്ചതായി ഇസ്രായേൽ അവകാശപ്പെടുമ്പോഴും ഗസ്സയിൽ അൽഖസ്സാം പോരാളികൾ കനത്ത ചെറുത്തുനിൽപ് തുടരുന്നതായാണ് വാർത്തകൾ.
അതേസമയം, ഒക്ടോബർ ഏഴിലെ സുരക്ഷ വീഴ്ചയെക്കുറിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച ഇസ്രായേൽ സേന മേധാവി ഹെർസി ഹാലവിയുടെ നടപടിയിൽ കഴിഞ്ഞദിവസം മന്ത്രിസഭ യോഗത്തിൽ കടുത്ത പ്രതിഷേധമുയർന്നു. യുദ്ധം തുടരുമ്പോൾ ആഭ്യന്തര അന്വേഷണം ആവശ്യമില്ലെന്നായിരുന്നു തീവ്ര വലതുപക്ഷ അംഗങ്ങളായ ബെൻ ഗിവിർ, സ്മോട്രിച് എന്നിവരടക്കമുള്ളവരുടെ വാദം. മുൻ പ്രതിരോധ മന്ത്രി ഷോൾ മൊഫാസിനെ അന്വേഷണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെയും ഇരുവരും വിമർശിച്ചു. 2005ൽ ഗസ്സയിൽനിനുള്ള സൈനിക പിന്മാറ്റത്തിന്റെ കാരണക്കാരൻ മൊഫാസാണെന്നാണ് ഇവരുടെ ആരോപണം. ഗസ്സയിൽ 24 മണിക്കൂറിനിടെ 162 പേർ കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണം 22,600 ആയി. 57,910 പേർക്ക് പരിക്കുണ്ട്. യുദ്ധം തുടങ്ങിയതുമുതൽ 12,500 ഇസ്രായേലി സൈനികർക്ക് പരിക്കേറ്റതായും 3400 പേർക്ക് അംഗവൈകല്യം സംഭവിച്ചതായും ഇസ്രായേലി പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

