ഇത് ചരിത്രം... അനധികൃത കുടിയേറ്റക്കാരനായ വൈദികനെ ബിഷപ്പായി നിയമിച്ച് മാർപ്പാപ്പ
text_fieldsവത്തിക്കാൻ: അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ വൈദികനെ ബിഷപ്പായി നിയമിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. വെസ്റ്റ് വിർജീനിയയിലെ വീലിങ്-ചാർലസ്റ്റണിലേക്കാണ് 55കാരനായ എവേലിയോ മെൻജിവർ അയാല ബിഷപ്പിന്റെ നിയമനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മാർപ്പാപ്പയുടെ ചരിത്ര തീരുമാനം.
1970 ആഗസ്ത് 14ന് എൽസാൽവദോറിൽ ജനിച്ച മെൻജിവർ അയാല 1990ലാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. ദാരിദ്ര്യത്തിൽ ജനിച്ചതിനെക്കുറിച്ചും ജന്മനാട്ടിലെ സംഘർഷങ്ങളിൽനിന്ന് ഓടി രക്ഷപ്പെട്ട് യു.എസിൽ അഭയാർഥിയായി എത്തിയതിനെക്കുറിച്ചും അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ സംസാരിച്ചിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്.
ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ പ്രാവീണ്യമുള്ള മെൻജിവർ അയാല 2004ലാണ് പുരോഹിതനാകുന്നത്. 2023ൽ അദ്ദേഹം അമേരിക്കയിലെ ആദ്യത്തെ സാൽവഡോറൻ ബിഷപ്പായി മാറി. വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നുവെന്ന് മെൻജിവർ അയാല വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നേരത്തേതന്നെ കുടിയേറ്റം, പശ്ചിമേഷ്യൻ യുദ്ധം എന്നിവയിൽ ട്രംപിനെ മാർപ്പാപ്പ നിശിതമായി വിമർശിച്ചിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്തിയ മാർപ്പാപ്പക്കെതിരെ ട്രംപും രംഗത്തെത്തിയിരുന്നു. മാർപ്പാപ്പ കത്തോലിക്കാസഭയുടെ കാര്യം മാത്രം നോക്കിയാൽ മതിയെന്നും രാഷ്ട്രീയക്കാരനാകരുതെന്നുമായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിനെ ഭയമില്ലെന്നും വിമർശനങ്ങൾ തുടരുമെന്നും ലിയോ പതിനാലാമൻ മാർപ്പാപ്പ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

