ഒരാളും മറ്റൊരാളുടെ ജീവന് ഭീഷണിയാകരുത്; ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ മാർപാപ്പ
text_fieldsവത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധ ഭീതി പടർത്തുന്ന ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കണമെന്ന് ലിയോ 14ാമൻ മാർപാപ്പ. മേഖലയിലെ സ്ഥിതിഗതികളിൽ അദ്ദേഹം അതിയായ ആശങ്ക അറിയിച്ചു.
വളരെ ആശങ്കയോടെയാണ് നിലവിലെ സാഹചര്യങ്ങളെ വീക്ഷിക്കുന്നത്. ശാശ്വതമായ സമാധാനം കെട്ടിപ്പടുക്കുന്നതിന് ആത്മാർഥമായ ശ്രമങ്ങളുണ്ടാകണം. ഇരുരാജ്യങ്ങളും യുക്തിയോടെ പ്രവർത്തിക്കണം. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ചർച്ച നടത്തണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ആണവ ഭീഷണികളിൽ നിന്ന് മുക്തമായ സുരക്ഷിതമായ ലോകത്തിനായും മാർപാപ്പ ആഹ്വാനം ചെയ്തു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർപാപ്പയുടെ പ്രതികരണം.
''ഇറാനിലെയും ഇസ്രായേലിലെയും സ്ഥിതിഗതികൾ വഷളായിരിക്കുന്നു. ഉത്തരവാദിത്തത്തോടും യുക്തിയോടും പ്രവർത്തിക്കണമെന്ന് ഞാൻ വീണ്ടും അപേക്ഷിക്കുകയാണ്. നീതി, സാഹോദര്യം, പൊതുനന്മ എന്നിവയിൽ അധിഷ്ഠിതമായ ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിന്, ആണവ ഭീഷണികളിൽ നിന്ന് മുക്തമായ ഒരു സുരക്ഷിത ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധത പരസ്പര ബഹുമാനത്തിലൂടെയും ആത്മാർത്ഥമായ സംഭാഷണത്തിലൂടെയും പിന്തുടരണം. ആരും ഒരിക്കലും മറ്റൊരാളുടെ നിലനിൽപ്പിന് ഭീഷണിയാകരുത്. സമാധാനത്തിന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും, അനുരഞ്ജനത്തിന്റെ പാതകൾ ആരംഭിക്കുകയും എല്ലാവർക്കും സുരക്ഷയും അന്തസും ഉറപ്പാക്കുന്ന പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എല്ലാ രാജ്യങ്ങളുടെയും കടമയാണ്.''-എന്നാണ് മാർപാപ്പ എക്സിൽ കുറിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ യുദ്ധവിരുദ്ധ നിലപാടുകൾ തന്നെയാണ് ലിയോ മാർപാപ്പയും പിന്തുടരുന്നത്. കഴിഞ്ഞ ദിവസം തീവ്രദേശീയതക്കെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു. സ്ഥാനാരോഹണ സമയത്ത് ഗസ്സയിലെയും യുക്രെയ്നിലെയും സമാധാനത്തിനായി ലിയോ മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

