ബൈബിൾ ഉദ്ധരിച്ച് യുദ്ധം ചെയ്യുന്നവരുടെ പ്രാർഥന ദൈവം കേൾക്കില്ല -ലിയോ മാർപ്പാപ്പ
text_fieldsഓശാന ഞായർ ശുശ്രൂഷകൾക്കിടെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ജനങ്ങളെ അഭിസംബോധനം ചെയ്യുന്ന മാർപ്പാപ്പ
വത്തിക്കാൻ സിറ്റി: ഇറാനെതിരെ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ലോക നേതാക്കൾക്കെതിരെ കടുത്ത വിമർശനവുമായി ലിയോ മാർപ്പാപ്പ. വിശ്വാസത്തെ കൂട്ടുപിടിച്ച് യുദ്ധം തുടങ്ങുന്നവരുടെയും കൈകളിൽ രക്തക്കറയുള്ളവരുടെയും പ്രാർത്ഥനകൾ ദൈവം നിരസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിൽ, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെയായിരുന്നു മാർപ്പാപ്പയുടെ ഈ അസാധാരണ പ്രതികരണം.
'ദൈവം പൂർണമായും യുദ്ധത്തിന് എതിരാണ്. യേശു സമാധാനത്തിന്റെ രാജാവാണ്. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും യേശുവിനെ കൂട്ടുപിടിക്കാൻ കഴിയില്ല,' എന്ന് അമേരിക്കൻ വംശജനായ ലിയോ മാർപ്പാപ്പ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. യുദ്ധം കാരണം മധ്യേഷ്യയിലെ ക്രൈസ്തവർ കടുത്ത ദുരിതത്തിലാണെന്നും അവർക്ക് ഇത്തവണ ഈസ്റ്റർ ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, യുദ്ധം നയിക്കുന്നവരുടെ പ്രാർത്ഥനകൾ ദൈവം കേൾക്കില്ലെന്നും അവരുടെ കൈകൾ രക്തപങ്കിലമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫെബ്രുവരി 28ന് ഇറാനുനേരെ അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. യു.എസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖാംനഈയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഖാംനഈയുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഇസ്രായേലിലും ഗൾഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങളിലേക്കും എംബസികളിലേക്കും ആക്രമണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ യുദ്ധം അവസാനിപ്പിക്കാനും ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും വത്തിക്കാൻ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. വ്യോമാക്രമണങ്ങൾ വിവേചനരഹിതമാണെന്നും അവ നിരോധിക്കണമെന്നും മാർപ്പാപ്പ കഴിഞ്ഞ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉൾപ്പെടെയുള്ളവർ യുദ്ധത്തെ ന്യായീകരിക്കാൻ മതപരമായ ഭാഷ ഉപയോഗിക്കുന്നതിനിടയിലാണ് മാർപ്പാപ്പയുടെ ഈ ശക്തമായ താക്കീത് എന്നതും ശ്രദ്ധേയമാണ്. 'യേശു ആയുധം കൈയ്യിലെടുക്കുകയോ പോരാടുകയോ ചെയ്തിട്ടില്ല, മറിച്ച് അക്രമം വെടിഞ്ഞ ദൈവത്തിന്റെ മുഖമാണ് വെളിപ്പെടുത്തിയത്,' എന്ന് മാർപ്പാപ്പ തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

