ഫ്രാൻസിസ് മാർപ്പാപ്പയുടെ 'പോപ്പ്‌മൊബൈൽ' ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് ഹെൽത്ത് ക്ലിനിക്കാവും; നടപ്പാക്കുന്നത് പോപ്പിന്‍റെ അന്ത്യാഭിലാഷം
text_fieldsവത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപ്പാപ്പയുടെ 'പോപ്പ്‌മൊബൈൽ' എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞുങ്ങൽക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്കാവും. മാർപ്പാപ്പയുടെ അന്ത്യാഭിലാഷങ്ങളിലൊന്നായിരുന്നു ഇത്.
ഗസ്സയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്ന ഈ സമയത്ത്, പോപ് ഫ്രാൻസിസിന്‍റെ തീരുമാനം ജീവൻ രക്ഷിക്കുന്ന ഇടപെടലാണെന്ന് വത്തിക്കാൻ വൃത്തങ്ങൾ പ്രതികരിച്ചു. അതിവേഗത്തിലുള്ള പരിശോധനാ സംവിധാനം, വാക്സിനേഷൻ സൗകര്യം, രോഗപരിശോധന ഉപകരണങ്ങൾ, തുന്നൽ കിറ്റുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ സ്റ്റാഫുകൾ എന്നീ സൗകര്യങ്ങൾ പോപ്പ്‌മൊബൈലിൽ ഒരുക്കും. ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് അനുവദിക്കുന്ന ഘട്ടത്തിൽ ഹെൽത്ത് ക്ലിനിക് പ്രവർത്തനമാരംഭിക്കും.
ഗസ്സക്ക് നൽകുന്നത് കേവലമൊരു വാഹനം മാത്രമല്ലെന്നും, മുറിവേറ്റ കുഞ്ഞുങ്ങളെ ലോകം മറക്കുന്നില്ലെന്ന സന്ദേശമാണെന്നും പോപ്പ്‌മൊബൈൽ കൈമാറാനുള്ള ചുമതല വഹിക്കുന്ന കാരിത്താസ് സ്വീഡൻ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂണെ പറഞ്ഞു.
ഏറെക്കാലമായി രോഗശയ്യയിലായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഏപ്രിൽ 21നാണ് അന്തരിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം നിർത്തണമെന്ന് അദ്ദേഹം പലകുറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ ഈസ്റ്റർ സന്ദേശത്തിലും ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഫലസ്തീനിലും ഇസ്രായേലിലും കഷ്ടപ്പാടുകൾ അനുഭവിക്കുന്നവർക്കൊപ്പമാണ് തന്റെ മനസെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും പോപ് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

