ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ വേണ്ട, ലാറ്റിനിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതുക... -പാപ്പയുടെ മരണപത്രം
text_fieldsവത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണം തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് എന്നാണ് പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
2022 ജൂൺ 29ന് എഴുതിയ വിൽപത്രത്തിൽ, എന്‍റെ ജീവിതത്തിന്‍റെ സൂര്യാസ്തമയം അടുക്കുന്നു എന്ന് തോന്നുന്നു എന്ന് അദ്ദേഹം പറയുന്നു. തന്‍റെ സംസ്കാര പദ്ധതികളെക്കുറിച്ച് മാത്രം മുൻഗണനകൾ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ എഴുതി.
ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങളൊന്നും പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മരണപത്രത്തിൽ മാർപാപ്പ വ്യക്തമാക്കിയിട്ടുണ്ട്.
എന്നെ സ്നേഹിച്ചവർക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കും കർത്താവ് അർഹമായ പ്രതിഫലം നൽകട്ടെ. എന്‍റെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിൽ ഉണ്ടായ കഷ്ടപ്പാടുകൾ ലോകസമാധാനത്തിനും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാൻ കർത്താവിനു സമർപ്പിച്ചിരിക്കുന്നു -വിൽപത്രം ഇങ്ങനെയാണ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം, മാർപാപ്പയുടെ സംസ്കാരം സംബന്ധിച്ച കാര്യങ്ങളിൽ ഇന്ന് തീരുമാനമാകും. സംസ്കാര ശുശ്രൂഷകൾക്ക് കർദിനാൾ കെവിൻ ഫെരെൽ നേതൃത്വം നൽകും.
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നാളെ പൊതുദർശനം നടക്കും. എണ്ണമറ്റ വിശ്വാസികളാണ് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.
വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണം
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണമെന്ന് വത്തിക്കാൻ അറിയിച്ചു. മരണത്തിനു തൊട്ടുമുമ്പ് അദ്ദഹം കോമയിലേക്ക് പോയെന്നും പിന്നീട് തിരിച്ചുവന്നില്ലെന്നും അധികൃതർ അറിയിച്ചു. മാർപാപ്പയുടെ നിര്യാണത്തിന് 12 മണിക്കൂറുകൾക്ക് ശേഷമാണ് വത്തിക്കാൻ ഇക്കാര്യം അറിയിച്ചത്.
പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’
പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെടുന്നതുവരെ ‘കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല നിർവഹിക്കുക. കര്‍ദിനാള്‍ കെവിന്‍ ഫാരലാണ് ഇപ്പോഴത്തെ കാമെര്‍ലെംഗോ. പാപ്പയുടെ മോതിരം നശിപ്പിക്കേണ്ടതും വസതി സീല്‍ ചെയ്യേണ്ടതും സംസ്കാരച്ചടങ്ങുകള്‍ക്കുള്ള ഒരുക്കം നടത്തേണ്ടതും പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് സംഘടിപ്പിക്കേണ്ടതും കാമെര്‍ലെംഗോയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

