മാര്‍പാപ്പ എഴുന്നേറ്റിരുന്നു, സ്വന്തമായി ഭക്ഷണം കഴിച്ചു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാൻ
text_fieldsവത്തിക്കാന്‍ സിറ്റി: ന്യൂമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വത്തിക്കാന്‍. ശ്വാസകോശ അണുബാധ കുറഞ്ഞുവെന്നും പാപ്പ സഹപ്രവര്‍ത്തകരുമായി സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. മാര്‍പാപ്പയ്ക്ക് എഴുന്നേറ്റിരിക്കാൻ കഴിയുന്നുണ്ടെന്നും സ്വന്തമായി ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ പ്രസ്താവനയിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ രോഗശാന്തിക്ക് വേണ്ടി മനില ആർച്ച് ബിഷപ് കർദിനാൾ ജോസ് അഡ്വിൻകുലയുടെ നേതൃത്വത്തിൽ ഇന്ന് പ്രാർഥനാ ശുശ്രൂഷ നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മനില കത്തീഡ്രലിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ രോഗശാന്തിക്കായുള്ള പ്രാർഥന നടക്കുക.
കഴിഞ്ഞ ദിവസം മാര്‍പാപ്പയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി സന്ദര്‍ശിച്ചിരുന്നു. 20 മിനിറ്റോളം ആശുപത്രിയില്‍ ചെലവഴിച്ച പ്രധാനമന്ത്രി, മാര്‍പാപ്പയെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും പറഞ്ഞു.
അണുബാധ മൂലം സ്ഥിതി സങ്കീര്‍ണമാണെങ്കിലും ലാബ് പരിശോധനാഫലങ്ങളില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞതായി വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി അറിയിച്ചു. 12 വർക്കാലമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് തുടരുന്ന മാർപാപ്പ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ ആശുപത്രിവാസം അനുഭവിച്ചിട്ടുണ്ട്. യുവത്വം മുതൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
കടുത്ത ശ്വാസതടസത്തെ തുടർന്ന് ഫെബ്രുവരി 14 നാണ് മാർപ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നാണ് മെഡിക്കൽ ടീമിന്റെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

