പനി കുറഞ്ഞു, ശ്വാസ തടസ്സവും നീങ്ങി; ഫ്രാന്‍സിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി
text_fieldsറോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ(88)യുടെ ആരോഗ്യനിലയില്‍ പുരോഗതി. പരിശോധന ഫലങ്ങളില്‍ അപകടകരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍ തുടരുമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോമിലെ ജെമെല്ലിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസം മുട്ടൽ അലട്ടിയിരുന്നു അദ്ദേഹത്തെ. ആരോഗ്യനില മോശമായതോടെയാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അധിക കഫം മൂലമാണ് ശ്വാസതടസം ഉണ്ടായത്.
നിലവിൽ മാർപാപ്പ രാത്രി നന്നായി ഉറങ്ങിയതായും പനി ഭേദമായതായും ആശുപത്രി അധികൃതർ പറഞ്ഞു. കാല്‍മുട്ട്, ഇടുപ്പ് വേദന, വന്‍കുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും പോപ്പ് നേരിടുന്നുണ്ട്. ഇതിനുള്ള ചികിത്സകള്‍ തുടരുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
2013 മുതൽ കത്തോലിക്കാ നേതാവാണ് ഫ്രാൻസിസ് മാർപാപ്പ. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹത്തിന് പലപ്പോഴായി പനിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. ചെറുപ്പത്തിൽ അദ്ദേഹത്തിന് പ്ലൂറിസി ബാധിച്ച് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്തതാണ്. അതാണ് ഇടക്കിടെ അണുബാധയുണ്ടാകാൻ കാരണം.
2024 ഡിസംബർ പകുതി മുതൽ ശ്വാസ കോശസംബന്ധമായ പ്രശ്നങ്ങൾ വല്ലാതെ അലട്ടുകയാണ്. ജനുവരിയിലും ഫെബ്രുവരിയിലും നടന്ന നിരവധി പരിപാടികളിൽ തന്റെ പ്രസംഗങ്ങൾ നേരിട്ട് വായിക്കാൻ അദ്ദേഹം സഹായികളോട് ആവശ്യപ്പെടുകയായിരുന്നു.
പോപ്പിന് പ്രത്യേക വാർഡുള്ള റോമിലെ ഏറ്റവും വലിയ ആശുപത്രിയാണ് ജെമെല്ലി ആശുപത്രി. 2023 ജൂണിൽ ഒരു ഹെർണിയ ശസ്ത്രക്രിയക്കു ശേഷം പോപ് ഒമ്പത് ദിവസമാണ് ഇവിടെ ചെലവഴിച്ചത്.
ബ്വേനസ് ഐറിസിൽ നിന്ന് കുടിയേറിയ റെയില്‍വേ ജീവനക്കാരന്‍ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ച് മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ 17നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

