'കാര്യങ്ങൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ല, ഇത് പാവങ്ങളെ കൂടുതൽ ദരിദ്രനാക്കും'; കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനം അപമാനമെന്ന് മാർപാപ്പ
text_fieldsറോം: അധികാരമേറ്റയുടൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഉത്തരവിൽ ഒപ്പുവെക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. ട്രംപിന്റെ തീരുമാനം അപമാനണെന്ന് ഞായറാഴ്ച രാത്രി ഒരു ടി.വി അഭിമുഖത്തിനിടെ മാപാപ്പ തുറന്നടിച്ചു.
ഈ തീരുമാനം കാരണം, നയാപൈസയില്ലാതെ ഒരുപാട് പ്രശ്നങ്ങളിൽ നട്ടംതിരിയുന്ന പാവങ്ങളെ കൂടുതൽ ദരിദ്രനാക്കും. ഇതുകൊണ്ട് ഒരു നേട്ടവുമില്ല. ഇതല്ല പ്രശ്നങ്ങൾ പരിഹരിക്കാനുള്ള വഴി. കാര്യങ്ങൾ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും മാർപാപ്പ പറഞ്ഞു.
ഇതാദ്യമായല്ല, ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ മാർപാപ്പ വിമർശിക്കുന്നത്. 2016ൽ ട്രംപ് ആദ്യമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കുടിയേറ്റം തടയാൻ യു.എസിന്റെ മെക്സിക്കൻ അതിർത്തിയിൽ കൂറ്റൻ മതിൽ പണിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാരെ തടയാൻ മതിൽ കെട്ടുന്നവർ ക്രിസ്ത്യാനികളെല്ലന്നായിരുന്നു അന്ന് മാർപാപ്പയുടെ പ്രതികരണം.
അതേസമയം, പ്രസിഡന്റായി അധികാരമേൽക്കുന്ന ട്രംപിനെ അഭിനന്ദിച്ച് തിങ്കളാഴ്ച മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു. എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. നിങ്ങളുടെ നേതൃത്വത്തിൽ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും ഇടമില്ലാത്ത സമൂഹമായി വളരുമെന്നുമാണ് പ്രതീക്ഷയെന്നും മാർപാപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

