‘പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുതെന്ന്’ പറഞ്ഞ ശ്രീനിവാസൻ അരങ്ങൊഴിഞ്ഞു, പോളണ്ടിലെ കമ്യൂണിസവും തീർന്നു...! നിരോധനവുമായി കോടതി
text_fieldsവാർസോ: ‘സന്ദേശം’ എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയിലൂടെ ചിന്തകൾക്ക് തീകൊളുത്തിയ നടൻ ശ്രീനിവാസൻ ഓർമയായ ദിവസം ഗൂഗിളിൽ കയറി വെറുതെയൊന്ന് പോളണ്ടിനെ കുറിച്ച് പരതിനോക്കിയതാണ്. അപ്പോഴാണ്, മലയാളികളെ ഞെട്ടിപ്പിക്കുന്ന ആ വാർത്ത അറിയുന്നത്. ‘പോളണ്ടിനെപറ്റി നീ ഒരക്ഷരം മിണ്ടരുത്..’ എന്ന് അനുജൻ പ്രകാശനോട് കയർക്കുന്ന പ്രഭാകരൻ കോട്ടിപ്പള്ളിയിലൂടെ മൂന്നര പതിറ്റാണ്ടായി മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വരികളിൽ പരാമർശിക്കു പോളിഷ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പോളണ്ടിൽ നിരോധനം ഏർപ്പെടുത്തിയത്രേ. ഡിസംബർ ആദ്യ വാരത്തിലാണ് പോളണ്ടിലെ ഭരണഘടനാ ട്രൈബ്യൂണൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട് (കെ.പി.പി) ഭരണഘടനാ ലംഘനം നടത്തിയെന്ന് ആരോപിച്ച് നിരോധിച്ചത്.
നാസിസം, ഫാസിസം, കമ്മ്യൂണിസം എന്നീ ഏകാധിപത്യ പ്രത്യയശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടികളുടെ പ്രവർത്തനം ഭരണഘടന നിരോധിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് പോളിഷ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനവും ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്താമക്കുന്നത്.
ഇതോടെ, രാജ്യത്തെ ഔദ്യോഗിക രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ നിന്നും കെ.പി.പിയുടെ പേര് നീക്കം ചെയ്തു. ‘സന്ദേശം’ സിനിമയും ഇറങ്ങി 11 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ നിരോധിക്കപ്പെട്ട പോളിഷ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെടുന്നത്. എന്നാൽ, മുൻഗാമികളായ പോളിഷ് വർക്കേഴ്സ് പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പോളണ്ട്, പോളിഷ് യുനൈറ്റഡ് വർക്കേഴ്സ് പാർട്ടി എന്നിവയുടെ പ്രവർത്തനം വിലക്കിയ ശേഷമാണ് ഇവയുടെ തുടർച്ചയായി 2002ൽ കെ.പി.പി രൂപീകരിക്കപ്പെടുന്നത്. പേര് മാറിയെങ്കിലും ആശയവും രാഷ്ട്രീയവും കെ.പി.പിയും പിന്തുടർന്നു.
കഴിഞ്ഞ നവംബറിൽ പോളിഷ് പ്രസിഡന്റ് കരോൺ നാവ്റോക്കി പാർട്ടിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണഘടനാ ട്രൈബ്യൂണലിന് അപേക്ഷ നൽകിയിരുന്നു. ഡിസംബർ മൂന്നിനായിരുന്നു ട്രൈബ്യൂണൽ ഏകകണ്ഠമായി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കമ്യൂണിസത്തെ അപലപിക്കുന്ന മാർപാപ്പയുടെ ചാക്രികലേഖനങ്ങൾ ഉദ്ധരിച്ചാണ് വിധിയെന്ന് വാർത്തയുണ്ടായിരുന്നു.
ദശലക്ഷക്കണക്കിന് പൗരന്മാരുടെ മരണത്തിന് ഉത്തരവാദികളായ കുറ്റവാളികളെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും മഹത്വവൽകരിക്കുന്ന ഒരു പാർട്ടിക്ക് പോളിഷ് നിയമ വ്യവസ്ഥയിൽ സ്ഥാനമില്ലെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ക്രിസ്റ്റിന പാവ്ലോവിച്ച് പ്രസ്താവിച്ചത്.
പാർട്ടി രേഖകളും പ്രത്യയശാസ്ത്രവും പ്രവർത്തനങ്ങളും അവലോകനം ചെയ്ത ശേഷമാണ് കോടതി ഉത്തരവ്.
1948 മുതൽ 1990വരെ പോളണ്ട് ഭരിച്ച പോളിഷ് യുനൈറ്റഡ് വർക്കേഴ്സ് പാർട്ടിയുടെ പിന്തുടർച്ചകാരാണെന്നാണ് കെ.പി.പി അവകാശപ്പെടുന്നത്. എന്നാൽ, ഈ പാർട്ടിക്ക് പാർലമെന്റിൽ ഒരിക്കലും സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം പല രാജ്യങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകതോ, നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. ജോർജിയ, യുക്രെയ്ൻ, ചെക്ക് റിപ്പബ്ലിക് എന്നിവ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ നിരോധനം പ്രഖ്യാപിച്ച രാജ്യങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

